Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്തേക്കെന്ന് പറഞ്ഞ് പോയി; ഇപ്പോള്‍ ഷാര്‍ജയില്‍ ജയിലില്‍, മലപ്പുറത്ത് മയക്കുമരുന്ന് കടത്ത് സജീവം

വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന മാഫിയ സംഘം മലപ്പുറത്ത് വീണ്ടും സജീവമാകുന്നുവെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ്.

Drug mafia strengthening malappuram
Author
Kerala, First Published May 18, 2019, 12:41 AM IST

മലപ്പുറം: വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന മാഫിയ സംഘം മലപ്പുറത്ത് വീണ്ടും സജീവമാകുന്നുവെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ്. മലപ്പുറത്തെ മൂന്ന് യുവാക്കളാണ് കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി ഷാര്‍ജയില്‍ പിടിക്കപെട്ടത്.

താനാളൂരില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ 19 വയസുകാര ഇപ്പോഴുള്ളത് ഷാര്‍ജ ജയിലിലാണ്. കഞ്ചാവ് കടത്തിയതാണ് കേസ്. തിരുവനന്തപുരത്തേക്കെന്നും പറഞ്ഞു പോയ മകനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലാതായതോടെ പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് മകൻ വിദേശത്തേക്ക് പോയതും കഞ്ചാവ് കേസില്‍ ജയിലിലായതും മാതാപിതാക്കള്‍ അറിയുന്നത്.

പൊലീസ് അന്വേഷണത്തില്‍ ഇത്തരത്തില്‍ നിരവധി ചെറുപ്പക്കാരെ മയക്കുമരുന്നു വിദേശത്തേക്ക് കടത്താൻ മാഫിയ ഉപയോഗിച്ചതായി കണ്ടെത്തി. ചുരുക്കം ചിലര്‍ നിയമപാലകരുടെ കണ്ണുവെട്ടിച്ച് സുരക്ഷിതരായി തിരിച്ചെത്തിയിട്ടുണ്ട്. മറ്റു ചിലര്‍ വിവിധ രാജ്യങ്ങളിലായി ജയിലിലുമായി.

ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന മാഫിയ മലപ്പുറം ജില്ലയില്‍ സജീവമായിരുന്നു.ഇവരുടെ പ്രലോഭനങ്ങളില്‍ കുടുങ്ങി മയക്കുമരുന്ന് കടത്തിയ നിരവധി പേര്‍ക്ക് അന്ന് വിദേശത്ത് വധശിക്ഷയും കിട്ടിയിരുന്നു. ശക്തമായ നിയമ നടപടികളിലൂടെയും ബോധവത്കരണത്തിലൂടെയുമാണ് അന്ന് മയക്കുമരുന്ന് മാഫിയയെ തളച്ചത്.

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഈ മാഫിയ ജില്ലയില്‍ വീണ്ടും പിടിമുറുക്കുന്നുവെന്നതാണ് ഈ സംഭവങ്ങള്‍ കാണിക്കുന്നത്. മൊബൈല്‍ഫോണും ബൈക്കുകളുമടക്കമുള്ള ആഢംബര ജീവത്തിന്‍റെ പ്രലോഭനത്തിലാണ് ഇരുപത് വയസില്‍ താഴെയുള്ള ചെറുപ്പക്കാര്‍ അപകടത്തെക്കുറിച്ച് ചിന്തിക്കാതെ മയക്ക് മരുന്ന് മാഫിയയിലേക്ക് ആകര്‍ഷിക്കപെടുന്നത്. 

Follow Us:
Download App:
  • android
  • ios