ബെംഗലൂരു: കാൻഡി ബാർ, ചോക്ലേറ്റ് തുടങ്ങിയ മിഠായിയുടെ രൂപത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് നല്‍കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗലൂരുവിലെ കോൺവെന്‍റ് സ്കൂളിനു സമീപം ലഹരിമരുന്നുകൾ നിറച്ച മിഠായി വിതരണം ചെയ്ത രണ്ടു പേരെ സെൻട്രൽ ക്രൈംബ്രാഞ്ച്  അറസ്റ്റു ചെയ്തു. അറസ്റ്റിലായ രണ്ടു പേരും കൊൽക്കത്ത സ്വദേശികളാണ്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണിവരെന്നും പൊലീസ് പറയുന്നു.

കടൽ മാർഗമാണ് കുട്ടികൾക്കുള്ള മിൽക്ക് പൗഡൽ ടിന്നുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലുമായി  ഇവർ ലഹരി വസ്തുക്കൾ വിൽപ്പനക്കാർക്കെത്തിച്ചിരുന്നത്. ഒരു കോടിയോളം രൂപ വില വരുന്ന ലഹരിവസ്തുക്കൾ പിടിയിലായവർ കാനഡയിൽ നിന്ന് എത്തിച്ചിരുന്നതായും മുംബൈ, ഡൽഹി ,ബംഗളൂരു തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന്  12 ചോക്ലേറ്റ് പാക്കറ്റുകൾ, 900 ഗ്രാം ഹാഷിഷ് ഓയിൽ,100 സിഗരറ്റ് ട്യൂബുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട് .

ആദ്യം സൗജന്യമായിട്ടായിരുന്നു ഇവര്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തിരുന്നത്. പിന്നീട് വിവിധ ഫ്ളേവറുകൾ കുട്ടികൾ ‘ഇഷ്ടപ്പെട്ടു’ തുടങ്ങിയാൽ ഗ്രാമിന് നിശ്ചിത വില പ്രതികൾ ഈടാക്കിയിരുന്നതായും പൊലീസ് പറയുന്നു. ചോക്ലേറ്റ്, ഒായിൽ, സിഗരറ്റ് തുടങ്ങി വിവിധ മാർഗ്ഗങ്ങളിലൂടെയാണ്  പ്രത്യേക വിഭാഗങ്ങളിൽപ്പെട്ട ലഹരിവസ്തുക്കൾ ഇവർ വിൽപ്പന നടത്തിയിരുന്നത്. ഓറഞ്ച്, സ്ട്രോബറി തുടങ്ങിയ ഫ്ളേവറുകളിലായിരുന്നു ചോക്ലേറ്റ് വിതരണം. എളുപ്പം വലയിൽ വീഴുമെന്നു തോന്നുന്ന കുട്ടികളെ തേടിപ്പിടിച്ചായിരുന്നു വിൽപ്പന.

ഇവ കഴിച്ചാൽ പഠനത്തിൽ കൂടുൽ ശ്രദ്ധിക്കാൻ കഴിയുമെന്നും ഉത്സാഹം വർദ്ധിക്കുമെന്നും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. എട്ടു മുതൽ 12 വയസ്സു വരെ പ്രായമുള്ള കുട്ടികളെയാണ് ഇവർ ലക്ഷ്യം വച്ചിരുന്നത്. നഗരത്തിലെ വിവിധ സ്കൂളുകളെയും കോളേജുകളെയും ലക്ഷ്യമിട്ടായിരുന്നു സംഘം പ്രവർത്തിച്ചിരുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു പറയുന്നു.