Asianet News MalayalamAsianet News Malayalam

കൊച്ചി വിമാനത്താവളത്തിലെ മയക്കുമരുന്ന് വേട്ട; രണ്ട് വിദേശികള്‍ക്കായി വ്യാപക അന്വേഷണം

 പിടിയിലായ യുവതിക്കൊപ്പം മറ്റ് രണ്ട് വിദേശികൾ കൂടി ഉണ്ടായിരുന്നതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. മൂന്നരക്കിലോ ലഹരി മരുന്നുമായി ഖത്തർ എയർവേസ് വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയപ്പോഴാണ് സിംബാബ്‍വേ സ്വദേശി ഷാരോൺ ചിഗ് വാസേ പിടിയിലായത്

drugs seized from kochi airport  investigation going one
Author
Kochi, First Published Jun 23, 2021, 12:48 AM IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മയക്കുമരുന്ന് പിടികൂടിയ കേസിന്‍റെ അന്വേഷണം ബംഗളൂരു, ദില്ലി എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. പിടിയിലായ യുവതിക്കൊപ്പം മറ്റ് രണ്ട് വിദേശികൾ കൂടി ഉണ്ടായിരുന്നതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. മൂന്നരക്കിലോ ലഹരി മരുന്നുമായി ഖത്തർ എയർവേസ് വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയപ്പോഴാണ് സിംബാബ്‍വേ സ്വദേശി ഷാരോൺ ചിഗ് വാസേ പിടിയിലായത്.

ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടു പേർ കൊച്ചിയിൽ ഇറങ്ങി ബംഗളൂരു വഴി ദില്ലിയിലേക്ക് കടന്നതായാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. യുവതിയെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ഷാരോൺ ക്യാരിയറും ഒപ്പമുണ്ടായിരുന്നവർ ഇവരുടെ സംരക്ഷണത്തിന് എത്തിയവരുമാണ്. ദില്ലിയും ബംഗളൂരുവും മുമ്പ് സന്ദർശിച്ചിട്ടുള്ള യുവതി ആദ്യമായാണ് കൊച്ചിയിലെത്തുന്നത്. ദോഹ വഴിയാണിവർ കൊച്ചിയിലെത്തിയത്. കൊണ്ടു വന്ന മയക്കുമരുന്ന് മൂന്നിടത്ത് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും ഷാരോൺ ചിഗ് വാസേ സമ്മതിച്ചിട്ടുണ്ട്.

എന്നാൽ, ഇത് ആ‍ർക്കൊക്കെയാണെന്ന കൃത്യമായ വിവരം ഇവർ വെളിപ്പെടുത്തിയിട്ടില്ല. കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വിദേശത്തു വച്ചാണ് നടന്നതെന്നാണ് സൂചന. സിംബാബ്‍വേയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന രാജ്യാന്തര റാക്കറ്റിലെ കണ്ണിയാണ് പിടിയിലായ ഇവരെന്നും ചോദ്യം ചെയ്യലിൽ മനസ്സിലായിട്ടുണ്ട്. അഞ്ച് പാക്കറ്റുകളിലാക്കി സ്യൂട്ട് കേസിനകത്ത് രഹസ്യ അറ തീർത്ത് ഒളിപ്പിച്ചാണ് മയക്കുമരുന്ന് കൊണ്ടു വന്നത്.

ക്രിസ്റ്റൽ രൂപത്തിലാക്കിയ ഹെറോയിൻ ഇനത്തിൽപ്പെട്ട മയക്കുമരുന്നാണെന്നാണ് പ്രാഥമിക വിവരം. ലാബിലെ പരിശോധനക്ക് ശേഷമേ ഇത് കൃത്യമായി അറിയാൻ കഴിയൂ. ഇവരിൽ നിന്നും മയക്കുമരുന്ന് ഏറ്റുവാങ്ങാൻ കാത്തിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. എൻസിബി യുടെ കൊച്ചി, ബംഗളൂരു യൂണിറ്റുകൾ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios