കാഞ്ഞിയൂര്‍ സ്വദേശി അനസിനാണ് മര്‍ദനമേറ്റത്. കാറില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ട അനസിനെ ചങ്ങരം കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം: മലപ്പുറം ചങ്ങരം കുളത്ത് യുവാവിനെ ലഹരി മാഫിയാ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. കാഞ്ഞിയൂര്‍ സ്വദേശി അനസിനാണ് മര്‍ദനമേറ്റത്. കാറില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ട അനസിനെ ചങ്ങരം കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുഹൃത്തിന് നല്‍കിയ വാഹനം തിരികെ വാങ്ങാനായി ഇന്നലെ രാത്രി എട്ടരയോടെ മാറഞ്ചേരിയിലെത്തിയപ്പോഴാണ് കാഞ്ഞിയൂര്‍ സ്വദേശിയായ അനസിന് നേരെ ആക്രമണമുണ്ടായത്. ഒരു സംഘം സ്ഥലത്തെത്തി അനസിലെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. കാര്‍ അതിവേഗം ഓടിച്ചു പോകുന്നതിനിടെ ഡോര്‍ തുറന്ന് അനസ് പുറത്തേക്ക് ചാടി. പരുക്കേറ്റ അനസിനെ നാട്ടുകാര്‍ ചങ്ങരം കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് ലഹരി മാഫിയയില്‍ പെട്ട ആളുകളും നാട്ടുകാരും തമ്മില്‍ കാഞ്ഞിയൂരില്‍ പ്രശ്നമുണ്ടായിരുന്നു. ലഹരി മാഫിയയെ ചോദ്യം ചെയ്തവരില്‍ അനസിന്‍റെ സഹോദരനും ഉള്‍പ്പെട്ടിരുന്നു. ഈ സംഭവത്തിലെ വൈരാഗ്യത്തെത്തുടര്‍ന്ന് അനസിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.