ഡോക്ടര്‍ ഇല്ലെന്ന് ജീവനക്കാര്‍ അറിയിച്ചതോടെ വാക്കു തര്‍ക്കമായി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിംഗ് അസിസ്റ്റന്റ് ജി മണികണ്ഠനെ മര്‍ദ്ദിച്ചു.
ഇടുക്കി: വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മദ്യപ സംഘത്തിന്റെ വിളയാട്ടം. ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് തലയ്ക്ക് പരിക്കേറ്റ ഒരാളെയുമായി അഞ്ച് പേര്‍ വാഹനത്തില്‍ ആശുപത്രിയിലെത്തിയത്. ഡോക്ടര്‍ ഇല്ലെന്ന് ജീവനക്കാര്‍ അറിയിച്ചതോടെ വാക്കു തര്‍ക്കമായി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിംഗ് അസിസ്റ്റന്റ് ജി മണികണ്ഠനെ മര്‍ദ്ദിച്ചു. സ്റ്റാഫ് നേഴ്‌സിനെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. മുറിവേറ്റയാള്‍ക്ക് മരുന്നു വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഉള്ളില്‍ കടന്ന് ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
ആറു മണി വരെ മാത്രമാണ് ഈ ആശുപത്രില്‍ ഡോക്ടറുടെ സേവനമുള്ളത്. ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടു. പൊലീസ് നടത്തിയ തെരച്ചിലിലാണ് ആക്രമണം നടത്തിയ അരണക്കല്‍ സ്വദേശികളായ ആമോസ്, ധനസിങ്, ജോസ് എന്നിവരെ പിടികൂടിയത്. ആശുപത്രിയിലെത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ആക്റ്റ് തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 25000 രൂപയോളം വില വരുന്ന സാധനങ്ങള്‍ നശിപ്പിച്ചതായാണ് കണക്ക് പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാര്‍ ഒരു മണിക്കൂര്‍ ഒ പി ബഹിഷ്‌കരിച്ചു.
