ചിങ്ങോലി രാഗംവീട്ടില്‍ ഇരട്ട സഹോദരങ്ങളായ അനന്തന്‍, ജയന്തന്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി ഹരിപ്പാട് പൊലീസ്.

ആലപ്പുഴ: ഹരിപ്പാട് മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കുകയും പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ച കേസിലുമായി ഇരട്ട സഹോദരങ്ങളായ സൈനികര്‍ പിടിയില്‍. ചിങ്ങോലി രാഗംവീട്ടില്‍ ഇരട്ട സഹോദരങ്ങളായ അനന്തന്‍, ജയന്തന്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി ഹരിപ്പാട് പൊലീസ് അറിയിച്ചു. 

കഴിഞ്ഞദിവസം രാത്രി 10.30 ഓടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയിലെ ബാറില്‍ വച്ചു ഇരട്ട സഹോദരങ്ങളും ഹരിപ്പാട് ചിങ്ങോലി സ്വദേശികളുമായ അനന്തനും ജയന്തനും ബാര്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായി. പിന്നീട് ഇവിടെ നിന്ന് അമിതവേഗത്തില്‍ പുറത്തേക്ക് പോയ ഇവരുടെ കാര്‍ ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങരക്ക് സമീപം ഡിവൈഡറില്‍ ഇടിച്ചു. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് പൊലീസെത്തി. മദ്യലഹരിയിലാണെന്ന് മനസിലാക്കിയതോടെ വൈദ്യ പരിശോധനയ്ക്കായി ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥരെയും ആശുപത്രി ജീവനക്കാരെയും പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. ആശുപത്രിയുടെ വാതിലുകള്‍ തകര്‍ക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.


പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഇരുവരെയും കീഴ്‌പ്പെടുത്തിയത്. ആശുപത്രി സംരക്ഷണ നിയമം, പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ആക്രമണത്തില്‍ പരുക്കേറ്റ പൊലീസുകാരായ ജയകുമാര്‍, രാകേഷ്, ഹോംഗര്‍ഡ് മണിക്കുട്ടന്‍ എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

മണിയെ കൊന്നത് പടയപ്പയോ? 'മദപ്പാട് ഉണ്ടായിരുന്നു'

YouTube video player