മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ് അച്ഛനെ കൊലപ്പെടുത്തിയ ശേഷം വിവരം അയൽവാസികളോട് വിളിച്ചറിയിച്ച് കടന്നു കളയുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ മകൻ അച്ഛനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജൻ (60) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കൊല നടത്തിയ ശേഷം സുരാജ് എന്ന് വിളിക്കുന്ന രാജേഷ് (28) ഒളിവിൽ പോയി. കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്.

സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊല്ലപ്പെട്ട രാജന്റെ ഭാര്യ ചിറയിൻകീഴിലുള്ള ഒരു ബന്ധുവീട്ടിൽ പോയിരുന്നു. മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ് അച്ഛനെ കൊലപ്പെടുത്തിയ ശേഷം വിവരം അയൽവാസികളോട് വിളിച്ചറിയിച്ച് കടന്നു കളയുകയായിരുന്നു. രാജേഷ് മദ്യലഹരിയിലായതിനാൽ അയൽവാസികൾ ഇത് കാര്യമായി എടുത്തില്ല. ബഹളം കേട്ടിരുന്നെങ്കിലും വഴക്ക് പതിവായതിനാല്‍ മദ്യലഹരിയില്‍ പറഞ്ഞതാകാമെന്നാണ് അയല്‍വാസികള്‍ കരുതിയിരുന്നത്.

അച്ഛനും മകനും തമ്മിൽ വഴക്കിട്ട വിവരം അയൽവാസികൾ രാജന്റെ ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് ചിറയിൻകീഴിൽ നിന്നും ഇവർ കിളിമാനൂരിലെ വീട്ടിൽ എത്തിയ ശേഷമാണ് രാജൻ കൊല്ലപ്പെട്ടത് സ്ഥീരീകരിച്ചത്. തുടർന്ന് കിളിമാനൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ രാജേഷിനു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More : ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; സിമന്‍റ് മിക്സിംഗ് ടവറിന് മുകളിൽ കയറിജീവനക്കാരന്‍റെ ആത്മഹത്യാ ഭീഷണി

YouTube video player