ദില്ലി:  പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ദില്ലി പൊലീസ് രഹസ്യ ഭാഗങ്ങളിൽ മർദ്ദിച്ചെന്ന് മലയാളി യുവതിയുടെ പരാതി. ഡിവൈഎഫ്ഐ ദില്ലി സംസ്ഥാന കമ്മിറ്റി അംഗമാണ് പരാതിക്കാരി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്ത്വത്തിലുള്ള മെഡിക്കൽ സംഘത്തോടൊപ്പം വൊളണ്ടിയറായി പ്രതിഷേധസ്ഥലത്ത് എത്തിയതായിരുന്നു യുവതി.

പ്രതിഷേധത്തിനെത്തിയ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ ഇവർ പകർത്തുന്നത് കണ്ട പൊലീസ് അടുത്തേക്ക് പാഞ്ഞെത്തി. കൂടെയുണ്ടായിരുന്ന വനിത പൊലീസുകാർ സ്വകാര്യ ഭാഗങ്ങളിൽ കൈകടത്തി ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. മന്ദി‍‍‍ർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നത് വരെ ഉപദ്രവം തുടർന്നു. ചോദ്യം ചെയ്തപ്പോൾ അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. നാല് മണിക്കൂറിന് ശേഷമാണ് പൊലീസ് ഇവരെ വിട്ടയക്കുന്നത്. ഉപദ്രവിച്ച വനിത പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണ‍ർക്കാണ് യുവതി പരാതി നൽകിയിരിക്കുന്നത്.