വഞ്ചിയൂര്‍: മനുഷ്യ മഹാശൃംഘല കഴിഞ്ഞ് മടങ്ങവേ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി നിതിനാണ് വെട്ടേറ്റത്. നിതിനെ ആക്രമിച്ച മണ്ണന്തല സ്വദേശി സുമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് നാലരയോടെ മണ്ണന്തല സ്നേഹ ജംഗ്ഷനിൽ വച്ചാണ് നിതിന് വെട്ടേറ്റത്. നിതിനും പാർട്ടിപ്രവർത്തകരായ രണ്ടുപേരും ബൈക്കിൽ പോകവെയായിരുന്നു ആക്രമണം. ജംഗഷന് സമീപം കാത്ത് നിൽക്കുകയായിരുന്നു സുമേഷ് വാക്കത്തിയുമായി ചാടിവീണു. നിതിൻ തെന്നിമാറി രക്ഷപ്പെട്ടെങ്കിലും പിന്നീട് മൽപ്പിടിത്തത്തിന് ഇടെയാണ് വെട്ടേറ്റത്. 

നിതിന്‍റെ കയ്യിലാണ് വെട്ടേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിതിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട് പ്രദേശത്ത് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആക്രമണത്തിനിടെ സുമേഷിന്‍റ് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമേഷ് പല തല്ലുക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.