Asianet News MalayalamAsianet News Malayalam

അമ്മയെ കുത്തിവീഴ്ത്തി,ആശുപത്രിയിലെത്തിച്ചു; മകന്‍റെ ക്രൂരതയിൽ 14 നാൾ മരണത്തോട് മല്ലിട്ട്, ഒടുവിൽ മേരി കീഴടങ്ങി

എറണാകുളം അങ്കമാലി നായത്തോട് മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ച വാർത്തയാണ് ഇന്ന് നായത്തോടുകാരെ തേടിയെത്തിയത്. 

Ernakulam Angamali Mother who was undergoing treatment died after being stabbed by her son
Author
Kerala, First Published Aug 14, 2022, 5:07 PM IST

കൊച്ചി: എറണാകുളം അങ്കമാലി നായത്തോട് മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ച വാർത്തയാണ് ഇന്ന് നായത്തോടുകാരെ തേടിയെത്തിയത്. 14 ദിവസം മരണത്തോട് മല്ലിട്ട മേരി ഒടുവിൽ കീഴടങ്ങി. നായത്തോട് സ്വദേശിനിയാണ് മരിച്ച മേരി. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മേരിക്ക് മകൻ കിരണിന്റെ കുത്തേറ്റത്.  

വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു. തുടർന്നാണ് മേരിയെ മകനായ കിരൺ കുത്തി പരിക്കേൽപ്പിച്ചത്. ആഴത്തിലുള്ള കുത്തിൽ കുടൽമാല പുറത്തുവന്നു. എങ്കിലും വേഗം തന്നെ അടിയന്തിര ശസ്ത്രക്രിയ നടത്തിയതിനാൽ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന നേരിയ പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ ജീവന് വേണ്ടിയുള്ള നീണ്ട പോരാട്ടത്തിൽ മേരി പരാജയപ്പെട്ടു.

പ്രതിയായ കിരണിനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ആലുവ സബ് ജെയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നായത്തോട് പുതുശേരി പരേതനായ കുഞ്ഞുമോന്റെ ഭാര്യയായിരുന്നു 42 കാരിയായ മേരി.  നായത്തോട് സൗത്തിൽ ഐ എൻ ടി യു സി ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറിയായിരുന്നു 27കാരനായ കിരൺ. അടിപിടി കേസുകളിലും മാല മോഷണ കേസിലും പ്രതിയാണ് ഇയാൾ. മുൻപ് ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 

Read more:  കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവം ; മൂന്ന് പ്രതികൾ പിടിയിൽ, കുത്തേറ്റ മൂന്നാമനെയും കണ്ടെത്തി

ആദ്യം അങ്കമാലി എൽ എഫ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കിരൺ തന്നെയാണ് മേരിയെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമിക്കപ്പെട്ടതാണെന്ന് മനസിലാക്കി ആശുപത്രി ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തിയതോടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ കിരൺ ശ്രമിച്ചെങ്കിലും പൊലീസ് സംഘം ഇയാളെ പിടികൂടി. മദ്യലഹരിയിൽ ആരംഭിച്ച വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം എന്നാണ് വിവരം. അക്രമം നടക്കുമ്പോൾ ഇവർ രണ്ട് പേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കിരൺ വിവാഹിതനാണ്. സംഭവ ദിവസം ഇവർ സ്വന്തം വീട്ടിലായിരുന്നു

Read more:അങ്കമാലിയിൽ മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരണത്തിന് കീഴടങ്ങി

Follow Us:
Download App:
  • android
  • ios