കൊല്ലം: തെരഞ്ഞെടുപ്പിന്‍റെ മറവില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാജവാറ്റു സംഘങ്ങള്‍ വ്യാപകമാകുന്നു. രണ്ടാഴ്ചയ്ക്കിടെ രണ്ടു സ്ഥലങ്ങളില്‍ നിന്നായി 700 ലിറ്ററിലധികം കോടയും വാറ്റും വാറ്റുപകരണങ്ങളുമാണ് പുനലൂര്‍ മേഖലയില്‍ നിന്ന് എക്സൈസ് പിടിച്ചത്. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ ഇനിയും കഴിഞ്ഞിട്ടുമില്ല.
 
നവംബര്‍ 28ന് എക്സൈസ് സംഘം പുനലൂര്‍ ഇടമണ്‍ പത്തേക്കര്‍ വനത്തിനുളളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്700 ലിറ്റര്‍ കോടയാണ്. വാറ്റ് ഉപകരണങ്ങളും കൂട്ടത്തില്‍ പിടിച്ചെടുത്തു. വനത്തിനുളളില്‍ സ്ഥാപിച്ചിരുന്ന കുടിവെളള ടാങ്കില്‍ നിന്ന് വെളളം ശേഖരിച്ചായിരുന്നു വ്യാജവാറ്റ് സംഘം വാറ്റ് തയാറാക്കിയിരുന്നതെന്നും കണ്ടെത്തി. 

തുടര്‍ന്ന് പരിശോധനകള്‍ ശക്തമാക്കിയതോടെയാണ് പുനലൂര്‍ ആയിരനെല്ലൂര്‍ ഭാഗത്തെ റബര്‍ തോട്ടത്തില്‍ നിന്ന് എട്ടു ലീറ്റര്‍ വാറ്റ് എക്സൈസ് സംഘം പിടികൂടിയത്. രണ്ടു സംഭവങ്ങളിലും ഇനിയും പ്രതികളെ ആരെയും പിടികൂടാന്‍ എക്സൈസിന് കഴിഞ്ഞിട്ടില്ല. 

ചിലരെ കുറിച്ച് സൂചന കിട്ടിയെങ്കിലും ഇവര്‍ ഒളിവിലാണെന്ന് എക്സൈസ് പറയുന്നു. തിരഞ്ഞെടുപ്പിനു പിന്നാലെ ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങളും കൂടി നടക്കാനിരിക്കുന്നതിനാല്‍ പുനലൂര്‍ മേഖലയില്‍ പരിശോധന ശക്തമാക്കാനാണ് എക്സൈസ് തീരുമാനം.