വന്യജീവി തീമിലുള്ള നിശാ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഹൈദരബാദ്: നിശാ പാര്‍ട്ടിക്ക് ലഹരി കൂട്ടാന്‍ വന്യജീവികളെ ഉപയോഗിച്ച് പണി വാങ്ങി പബ്ബ്. പബ്ബിന്‍റെ ഉടമകള്‍ അടക്കം ഒന്‍പത് പേരെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരബാദ് പടിഞ്ഞാറന്‍ മേഖലയിലെ പ്രമുഖ പബ്ബിലാണ് രാത്രി പാര്‍ട്ടികള്‍ക്ക് ലഹരി കൂട്ടാനായി പാമ്പുകള്‍ അടക്കമുള്ള വന്യജീവികളെ എത്തിച്ചത്. വന്യജീവി തീമിലുള്ള നിശാ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.

സ്വോറ നൈറ്റ് ക്ലബ് മാനേജ്മെന്‍റാണ് ശനിയാഴ്ച നിശാപാര്‍ട്ടി നടത്തിയത്. ഹൈദരബാദിലെ ജൂബിലി ഹില്‍സിലാണ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ മൂഡ് പുറം ലോകത്തെ കാണിക്കാനായി ജീവനുള്ള വന്യജീവികള്‍ക്കൊപ്പമുള്ള അതിഥികളുടെ ചിത്രങ്ങളും വീഡിയോകളും ക്ലബ്ബിന്‍റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ചിരുന്നു. കഴുത്തിലൂടെ ഇഴയുന്ന പാമ്പിനൊപ്പമുള്ള യുവതിയുടേയും യുവാവിന്‍റെ തോളിലൂടെ നടക്കുന്ന വലിയ ഇനം ഓന്തിന്‍റേത് അടക്കമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പുറത്ത് വന്നത്.

ഞായറാഴ്ചയാണ് പാര്‍ട്ടി നടന്നതെന്നും സംഭവത്തില്‍ വനം വകുപ്പുമായി ചേര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും ജൂബിലി ഹില്‍സ് പൊലീസ് ഇന്‍സ്പെക്ടര്‍ രാജശേഖര്‍ റെഡ്ഡി ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. ചൊവ്വാഴ്ചയോടെ ക്ലബ്ബില്‍ നടന്ന റെയ്ഡില്‍ 14 പേഴ്സ്യന്‍ പൂച്ചകള്‍, 3 ബംഗാള്‍ പൂച്ചകള്‍, 2 ഇഗ്വാനകള്‍, തത്തകള്‍, പോസം വിഭാഗത്തിലുള്ള ജീവികള്‍, പ്രത്യേകയിനം തത്തകള്‍ എന്നിവയെ പിടികൂടിയിരുന്നു. ഹൈദരബാദില്‍ തന്നെയുള്ള ഒരു സ്ഥാപനമാണ് പാര്‍ട്ടിക്ക് വേണ്ടിയുള്ള വന്യജീവികളെ വിതരണം ചെയ്തതെന്നാണ് വിവരം. 

Scroll to load tweet…

YouTube video player