തിരുവനന്തപുരം: ലക്ഷങ്ങളുടെ ജോലിതട്ടിപ്പിൽ സരിതാനായർ ഇടപെട്ടതിൻറെ കൂടുതൽ തെളിവുകൾ പുറത്ത്. പരാതിക്കാർ നൽകിയ മൊഴിയിലെ ഫോൺ ഇപ്പോഴും സരിത തന്നെയാണ് ഉപയോഗിക്കുന്നത്. ഇടനിലക്കാരെ ഇറക്കി പരാതി പിൻവലിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്.

ബെവ്ക്കോ, കെടിഡിസി, ദേവസ്വം ബോർഡ് എന്നിവടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ സരിതയും ഇടനിലക്കാരും ചേർന്ന പണം തട്ടിയതെന്നാണ് പരാതി. പണം നഷ്ടമായ രണ്ടു പേർ മാത്രമാണ് പരാതിയുമായി ഇതുവരെ നെയ്യാറ്റിൻകര പൊലീസിനെ സമീപിച്ചത്.പണം തിരികെ നൽകാമെന്ന വാഗ്ദാനം പാലിക്കാത്തതിനെ തുടർന്നാണ് കേസ് നൽകിയതെന്നാണ് നെയ്യാറ്റിൻകര സ്വദേശികള്‍ പൊലീസിന് നൽകിയ മൊഴി. 

സരിതയുടെ സഹായിയായ വിളവൂർക്കൽ സ്വദേശി വിനുവിൻറെ പേരിൽ ചാലയിലെ ഒരു കടയിൽ നിന്നുമെടുത്ത ഫോണ്‍ നമ്പറിൽ നിന്നാണ് സരിത ഉദ്യോഗസ്ഥാർത്ഥികളുമായി സംസാരിച്ചിരുന്നത്. സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയെന്ന പരിയപ്പെടുത്തിയാണ് പണം നൽകിയവരുടെ വിശ്വാസ്യത സമ്പാദിച്ചത്. പരാതിക്കാർ നൽകിയ മൊഴിയിൽ പറയുന്ന നമ്പർ ഇപ്പോഴും സരിത തന്നെയാണ് ഉപയോഗിക്കുന്നതെന്ന്.

മറ്റൊരു നമ്പറിൽ നിന്നും സരിത വിളിച്ചതായും പരാതിക്കാരുടെ മൊഴിയിലുണ്ട്. ഈ ഫോണ്‍ സംഭാഷണങ്ങള്‍ പരാതിക്കാർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിനിടെയാണ് ഒരു അഭിഭാഷകൻ മുഖേനയും പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ മുഖേനയും കേസ് പിൻവലിക്കാൻ പരാതിക്കാർക്കുമേൽ സമ്മർദ്ദനം ചെലുത്തുന്നത്. സരിതയുടെ ഇടനിലക്കാരനായ പ്രവർ‍ത്തിച്ച പ്രതി രതീഷ് സിപിഐ കുന്നത്തുകാൽ പഞ്ചായത്തിലെ ഇടത് സ്ഥാനാർത്ഥികൂടിയാണ്. മറ്റൊരു പ്രതി ഷൈജുവിനും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്ന് പരാതിക്കാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

പണം നൽകിയ കേസ് ഒത്തുതീർപ്പായാലും സർക്കാർ സ്ഥാപനങ്ങളുടെ വ്യാജ രേഖയുണ്ടാക്കിയ കേസ് പൊലീസിന് പിൻവലിക്കാകാനില്ല. ഇതേ കുറിച്ച് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് രേഖപ്പെടുത്തു. വ്യജ രേഖകളാണെങ്കിൽ ഇവ നിർമ്മിച്ചതെവിടെയന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യംചെയ്യേണ്ടിവരും.