തിരുവനന്തപുരം: കേരളത്തില്‍ രണ്ടിടങ്ങളില്‍ നിന്നായി 20 ലക്ഷത്തിന്‍റെ കള്ളനോട്ട് പിടിച്ചതില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒരു ആശുപത്രി ജീവനക്കാരന്‍റെ കാര്യക്ഷമതയാണ് വന്‍ കള്ളനോട്ട് സംഘത്തിലേക്ക് വിരല്‍ ചൂണ്ടിയത്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ കള്ളനോട്ട് എത്തിക്കുന്ന സംഘത്തിലേക്കുള്ള പിടിവള്ളിയായിരുന്നു ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലെ ക്യാഷറുടെ ശ്രദ്ധയില്‍ കുടുങ്ങിയ അഞ്ഞൂറിന്‍റേയും രണ്ടായിരത്തിന്‍റേയും ആ നോട്ടുകള്‍. 

അറുപത്തൊന്നുകാരനായ രാജന്‍ പത്രോസ് മകളുടെ ആശുപത്രി ബില്ലുകള്‍ അടയ്ക്കാനായി നല്‍കിയ നോട്ടുകളില്‍ ക്യാഷര്‍ക്ക് തോന്നിയ സംശയമാണ് ഇരുപത് ലക്ഷത്തിന്‍റെ കള്ളനോട്ട് പിടിക്കാന്‍ കാരണമായത്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത നിലയിലുള്ള അഞ്ഞൂറിന്‍റെ കള്ളനോട്ട് മറ്റ് നോട്ടുകള്‍ക്കൊപ്പമാണ് ആശുപത്രിയില്‍ നല്‍കിയത്. പിന്നീട് വന്ന ഒരു ബില്ലിന് രണ്ടായിരം രൂപയുടെ കള്ളനോട്ടും നല്‍കി. ഇവ തമ്മിലുള്ള സമാനതകളാണ് കള്ളനോട്ടാണോയെന്ന സംശയത്തിലേക്ക് ക്യാഷര്‍ എത്തിയതിന് പിന്നില്‍. 

ജില്ലാ പൊലീസ് മേധാവി തിരുവനന്തപുരം റൂറലിന്‍റെ ചുമതലയുള്ള പി കെ മധുവിനെ ആശുപത്രിയില്‍ നിന്ന് അറിയിച്ചതോടെയാണ് നോട്ടിന്‍റെ ഉത്ഭവ സ്ഥാനത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കടയ്ക്കാവൂരിലുള്ള രാജന്‍റെ വീട്ടില്‍ നടന്ന റെയ്ഡില്‍ വേറെയും കള്ളനോട്ടുകള്‍ പിടിച്ചു. രാജനെ ചോദ്യം ചെയ്തതോടെയാണ് പോത്തന്‍കോട് സ്വദേശി വഹാബും ചിറയിന്‍കീഴ് സ്വദേശി പ്രതാപനും പിടിയിലാവുന്നത്. 

counterfeit money hunting in thiruvananthapuram and kozhikode

ഇവരില്‍ നിന്നാണ് അന്വേഷണം കോഴിക്കോട് സ്വദേശിയായ ഷെമീറിലേകക് എത്തുന്നത്. മൂന്ന് ലക്ഷത്തിന്‍റെ ഓര്‍ഡര്‍ വഹാബ് വഴി ഷെമീറിന് നല്‍കി പൊലീസ് കെണിയൊരുക്കി. ഒരു ലക്ഷം രൂപ നല്‍കിയാല്‍ മൂന്നുലക്ഷം രൂപയുടെ കള്ളനോട്ടാണ് ഷെമീര്‍ എത്തിക്കാമെന്നേറ്റത്. സ്കൂള്‍ വിദ്യാഭ്യാസം പകുതിക്ക് നിര്‍ത്തിയ ഷെമീര്‍ ഡിറ്റിപ്പിയും ഫാബ്രിക്കേഷനുമാണ് പഠിച്ചത്. നിരവധി വര്‍ഷങ്ങള്‍ ഇയാള്‍ വിദേശത്തായിരുന്നു. നാട്ടില്‍ തിരികെയെത്തിയ ശേഷം മുക്കത്ത് ഒരു ഡിറ്റിപി സെന്‍റര്‍ തുടങ്ങി. കടം വാങ്ങിയത് തിരിച്ച് നല്‍കാനായാണ് കള്ളനോട്ട് അടിച്ച് തുടങ്ങിയതെന്ന് ഷെമീര്‍ പൊലീസിന് മൊഴി നല്‍കി. 

കര്‍ണാടകയില്‍ നിന്നും ഓണ്‍ലൈനിലുമാണ് അത്യാധുനിക പ്രിന്‍ററുകളും സ്കാനറുകളും ഇതിനായി ഇയാള്‍ വാങ്ങിയത്. കറന്‍സി നോട്ടുകളുടെ അത്രതന്നെ കട്ടിയുള്ള നോട്ടുകളിലായിരുന്നു കള്ളനോട്ടടിച്ചത്. കാഴ്ചയില്‍ ഒറിജിനല്‍ നോട്ടുമായി ഒരു വ്യത്യാസവും ഈ കള്ളനോട്ടിനുണ്ടായിരുന്നില്ല. നോട്ടുകളിലെ സെക്യൂരിറ്റി ത്രെഡും ഇയാള്‍ നിര്‍മ്മിച്ചിരുന്നു. വിവാഹ ക്ഷണക്കത്തുകളില്‍ ഉപയോഗിക്കുന്ന നൂല് ചൂടാക്കിയ ശേഷം അതുവച്ചായിരുന്നു ത്രെഡ് നിര്‍മ്മിച്ചത്. പ്രിന്‍റ് ചെയ്യുന്നതിന് ഇടയില്‍ ഡാമേജ് വന്നതും കളര്‍ കുറഞ്ഞതുമായ നോട്ടുകള്‍ കത്തിച്ച് നശിപ്പിക്കുമായിരുന്നെന്ന് ഇയാള്‍ വ്യക്തമാക്കി.

ബീവറേജുകളിലും മീന്‍ചന്തകളിലും മറ്റ് തിരക്കേറിയ ഇടങ്ങളിലുമായിരുന്നു ഇവ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ നോട്ടുകള്‍ക്ക് അത്യാധുനിക പരിശോധനകള്‍ അതിജീവിക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. നാലുപേരെയാണ് പൊലീസ് കള്ളനോട്ടുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഫറോക് സ്വദേശി ഷമീര്‍ സഹായികളായ രാജന്‍ പത്രോസ്, നാസര്‍ വഹാബ്, ഷെമീര്‍ എന്നിവരും കസ്റ്റഡിയിലായി.