പാറശാല: സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി പതിനായിരങ്ങൾ കവർന്ന ആളെ പാറശാല പൊലീസ് പിടികൂടി. തമിഴ്നാട് കളിയൽ സ്വദേശി സെയ്ത് ആണ് പിടിയിലായത്.

സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുകളുടെ നമ്പര്‍ മറ്റ് കാർഡുകളിൽ വ്യാജമായി ഒട്ടിക്കും. അയ്യായിരം രൂപ വരെ സമ്മാനത്തുകയാണെങ്കിൽ വിൽപനക്കാർ നേരിട്ട് തുക നൽകും. ഇങ്ങനെ വ്യാജ ടിക്കറ്റുകൾ ലോട്ടറിക്കാർക്ക് നൽകി അവരിൽ നിന്നും പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. തമിഴ്നാട് അതിർത്തി പ്രദേശങ്ങളായ പാറശ്ശാല വെള്ളറട കാരക്കോണം പനച്ചമൂട് തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 20ലേറെ പേരുടെ പണം സമാന രീതിയിൽ തട്ടിയെടുത്തിട്ടുണ്ട്.

ലോട്ടറി ടിക്കറ്റുകളിൽ ക്രമക്കേട് നടത്തി പണം തട്ടിയെടുക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായിട്ടുളളത്. തട്ടിപ്പുകൾ വ്യാപകമായതിനെ തുടർന്ന് ടിക്കറ്റുകൾ സ്കാൻ ചെയ്ത് നോക്കി മാത്രമേ വ്യാപാരികൾ പലരും തുക കൈമാറാറുളളൂ. 

കൃത്യമായി ഇങ്ങനെ ടിക്കറ്റുകൾ പരിശോധിക്കാത്ത വ്യാപാരികളാണ് തട്ടിപ്പിന് ഇരയാകുന്നത്. 6 മാസം മുമ്പ് ഉദിയൻകുളങ്ങരയിൽ നിന്നും ഏജൻസിയെ പറ്റിച്ച് കാശ് തട്ടിയ കേസിലും സെയ്ത് പ്രതിയാണ്.