ഛത്തീസ്ഗഡിൽ കോൺഗ്രസ് ജില്ലാ ഓഫീസിൽ മോഷണം. ഓഫീസിലെ ശുചിമുറികളിൽനിന്ന് 72 ടാപ്പുകൾ മോഷ്ടിച്ചു. അംബികാപുരിലെ ഗാന്ധി ചൗക്ക് മേഖലയിൽ സ്ഥിതിചെയ്യുന്ന കോൺഗ്രസ് ഓഫീസായ രാജീവ് ഭവനിലാണ് മോഷണം നടന്നത്.
റായ്പുർ: ഛത്തീസ്ഗഡിൽ കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി കോൺഗ്രസ് ജില്ലാ ഓഫീസ്. അംബികാപുരിലെ ഗാന്ധി ചൗക്ക് മേഖലയിൽ സ്ഥിതിചെയ്യുന്ന കോൺഗ്രസ് ഓഫീസായ രാജീവ് ഭവനിൽനിന്ന് 72 ടാപ്പുകൾ കള്ളന്മാർ മോഷ്ടിച്ചു. ഒരുലക്ഷം രൂപ വിലവരുന്ന ടാപ്പുകളാണ് മോഷണം പോയത്. മോഷ്ടാക്കൾ തറയിൽ 'ഐ ലവ് യു' എന്ന് എഴുതിയ ശേഷമാണ് കടന്നുകളഞ്ഞത്. ഇത് മൂന്നാം തവണയാണ് രാജീവ് ഭവനിൽ കള്ളന്മാർ കയറുന്നത്.

നഗരത്തിലെ വിഐപി മേഖലയായി കണക്കാക്കുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് മോഷണം നടന്നത്. രാവിലെ കോൺഗ്രസ് പ്രവർത്തകർ ഓഫീസിലെത്തിയപ്പോഴാണ് ശുചിമുറികളിലെ ടാപ്പുകൾ മോഷണം പോയതായി ശ്രദ്ധയിൽപെട്ടത്.
ശുചിമുറിയിൽ ഉണ്ടായിരുന്ന വില കൂടിയ ടാപ്പുകളാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സ്ഥലം സന്ദർശിച്ച കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണ പഥക്ക്, സംഭവത്തിന് പിന്നിൽ മയക്കുമരുന്നിന് അടിമപ്പെട്ടവർക്കും സാമൂഹ്യവിരുദ്ധർക്കും പങ്കുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ചു.
ഓഫീസിൽ നടക്കുന്ന മൂന്നാമത്തെ മോഷണ സംഭവമാണിതെന്നും ക്രമസമാധാന നില വഷളായെന്നാണ് മോഷ്ടാക്കളുടെ ആത്മവിശ്വാസം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെയും ഭരണകൂടത്തെയും പരിഹസിക്കുന്ന തരത്തിലാണ് മോഷ്ടാക്കൾ നിലത്ത് എഴുതിവെച്ചതെന്നും ബാലകൃഷ്ണ പഥക്ക് കൂട്ടിച്ചേർത്തു. സംഭവത്തിൽ നേതാക്കൾ നൽകിയ പരാതിയെ തുടർന്ന് കോട്‍വാലി പൊലീസ് കേസെടുത്തു. സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.


