ചെന്നൈ: വാടകയ്ക്ക് നൽകിയ വീട് ഒഴിയാൻ ആവശ്യപ്പെട്ടതിന് ജൂത കുടുംബത്തെ ഭീഷണിപ്പെടുത്തി തമിഴ്നാട് എഡിജിപിയുടെ മകൻ ദിവാൻ ബാബു. വീട് ഒഴിയാൻ ആവശ്യപ്പെട്ടാൽ കൊന്നു കളയുമെന്നാണ് ഭീഷണി. വീട്ടിൽ നിശാപാർട്ടിയും ബഹളവും പതിവായതോടെ തമിഴ്നാട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുകയാണ് വീട്ടുടമസ്ഥയായ സ്ത്രീ.

ചെന്നൈ ബസന്ത് നഗറിലെ ഫ്ലാറ്റിലെ താഴത്തെ നില 2017 ലാണ് എഡിജിപി ശൈലേന്ദ്ര ബാബുവിൻ്റെ മകൻ ദേവേന്ദ്ര ബാബുവിന് വാടകയ്ക്ക് നൽകിയത്. ഒരു വർഷത്തേക്കായിരുന്നു കരാർ. ആദ്യത്തെ മാസങ്ങളിൽ കുഴപ്പം ഇല്ലായിരുന്നുവെങ്കിലും പിന്നീട് നിശാപാർട്ടിയും ബഹളവും പതിവായി. പുലർച്ചെ വരെ നീളുന്ന പാർട്ടി ബഹളവും കൂടിയതോടെ പ്രദേശവാസികൾ പരാതിയുമായി രംഗത്തെത്തി. 

ഇസ്രായേലിൽ നിന്നും കുടിയേറി എത്തിയ ജൂത കുടുംബത്തിൽപ്പെട്ട സാറാ ലെവിയാണ് വീട്ടുടമസ്ഥ. വീടൊഴിണമെന്ന് ആവശ്യപ്പെട്ട സാറയെ കൊന്ന് കളയുമെന്നാണ് ഭീഷണി. വീടൊഴിയാൻ ആവശ്യപ്പെട്ടെത്തിയ സാറ ലെവിയുടെ ബന്ധുക്കളെ എഡിജിപിയുടെ മകനും കൂട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചു. ഇതിന് ശേഷം വാടകയും നൽകാതെ ആയി.

ദേവേന്ദ്ര ബാബുവിന് എതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. തമിഴ്നാട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കുടുംബത്തിൻ്റെ പ്രധാന വരുമാന മാർഗമായിരുന്ന വീട്ടുവാടക കിട്ടാതായിട്ട് ഒന്നര വർഷം പിന്നിടുമ്പോൾ പരാതിയുമായി ഇനി എവിടേക്ക് പോകണമെന്നറിയാത്ത സ്ഥിതിയിലാണ് കുടുംബം.