ജോലിക്ക് പോകാൻ നിർബന്ധിച്ചതിന് ആറുമാസം ​ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഫരീദാബാദിലാണ് സംഭവം. ഒളിവിൽപ്പോയ ഭർത്താവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

ഫരീദാബാ​ദ്: ​ജോലിക്ക് പോകാൻ പറഞ്ഞതിന് ​ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഹരിയാണയിലെ ഫരീദാബാദ് പഞ്ച്ശീൽ കോളനിയിൽ താമസിക്കുന്ന നേ​ഹാ കുമാരി(26)യാണ് കൊല്ലപ്പെട്ടത്. ഭർത്താവായ അമിത് ​ഗുപ്തയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽപോയ ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആറുമാസം ​ഗർഭിണിയായ നേഹാ കുമാരിയെ ബുധനാഴ്ചയാണ് വാടകവീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

2025 ഏപ്രിലിലാണ് നേഹയും അമിത് ​ഗുപ്തയും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ദമ്പതിമാർ വാടകവീട്ടിലേക്ക് മാറി. ഫരീദാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു അമിത് ​ഗുപ്തയുടെ ജോലി. എന്നാൽ, ഇടയ്ക്കിടെ ജോലിക്ക് പോകാതിരിക്കുന്നത് ഇയാളുടെ പതിവായിരുന്നു. ഇതേച്ചൊല്ലി നേഹാ കുമാരിയും അമിത് ​ഗുപ്തയും തമ്മിൽ വഴക്കും പതിവായിരുന്നു.

ബുധനാഴ്ചയും ഇതേവിഷയത്തിൽ ദമ്പതിമാർക്കിടയിൽ തർക്കമുണ്ടായി. ജോലിക്ക് പോകാൻ പറഞ്ഞതിൽ പ്രകോപിതനായി ​ഗുപ്ത ഭാര്യയെ മർദിച്ചു. ഷാൾ ഉപയോ​ഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. ഇതിനുപിന്നാലെയാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തല മുക്കിപ്പിടിച്ച് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്.

സംഭവത്തിന് പിന്നാലെ അമിത് ​ഗുപ്ത ബന്ധുവിനെ ഫോണിൽവിളിച്ച് കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. തുടർന്ന് മൊബൈൽഫോൺ സ്വിച്ച് ഓഫ്ചെയ്ത പ്രതി വീട്ടിൽനിന്ന് കടന്നുകളഞ്ഞു. ഇതേസമയം, നേഹാ കുമാരിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ ബന്ധുക്കൾ വാടകവീട്ടിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ​ഗർഭിണിയായ യുവതിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടത്. ഉടൻതന്നെ ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.