ഇലക്ട്രിക് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ച് വൈദ്യുത വേലിയിൽ ഉപയോഗിക്കുകയായിരുന്നു

ധർമപുരി: തമിഴ്നാട് ധർമപുരി ജില്ലയിലെ മരന്ദഹള്ളിയിൽ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മൂന്ന് കാട്ടാനകൾചരിഞ്ഞു. റിസർവ് വനമേഖലയോട് ചേർന്നുള്ള ഫാമിലെ അനധികൃത വൈദുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്. മൂന്ന് പിടിയാനകളാണ് അപകടത്തിൽ ചരിഞ്ഞത്. കൂട്ടത്തിലുണ്ടായിരുന്ന രണ്ട് ആനക്കുട്ടികളെ അധികൃതരെത്തി അപകടത്തിൽപ്പെടാതെ രക്ഷപ്പെടുത്തി. എന്നാൽ ഈ കുട്ടിയാനകൾ സ്ഥലത്ത് നിന്ന് മാറാതെ നിന്നത് ഏവർക്കും സങ്കടക്കാഴ്ചയായിരുന്നു ഏറെനേരം.

രാത്രി ഏറുമാടത്തിൽ ചന്ദനമരങ്ങൾക്ക് കാവൽ നിന്നു; വനം വകുപ്പ് വാച്ചറെ രാവിലെ വീണു മരിച്ച നിലയിൽ കണ്ടെത്തി

അതേസമയം അപകടത്തിന് കാരണമായ വൈദ്യുത വേലി കെട്ടിയിരുന്ന ഫാം ഉടമ കെ മുരുകേശകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലക്ട്രിക് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ച് വൈദ്യുത വേലിയിൽ ഉപയോഗിക്കുകയായിരുന്നു. വൈദ്യുതി വേലിക്ക് അനുമതിയും ഉണ്ടായിരുന്നില്ല. വൈദ്യുതി ബോർഡ് മുമ്പ് ഇത് കണ്ടെത്തി നടപടി എടുത്തിരുന്നെങ്കിലും മുരുകേശൻ മോഷണം ആവർത്തിക്കുകയായിരുന്നു. ഇതാണ് ആനകളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായത്.

YouTube video player

അതേസമയം ഇടുക്കിയില്‍ നിന്നുള്ള മറ്റൊരു വാർത്ത ജനവാസ മേഖലയിലിറങ്ങി നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള നടപടികള്‍ വനം വകുപ്പ് വേഗത്തിലാക്കി എന്നതാണ്. ആനയെ മയക്കുവെടി വച്ച് കോടനാട്ടെത്തിച്ച് കൂട്ടിലടക്കാനാണ് നീക്കം. മാര്‍ച്ച് 15 ന് മുമ്പ് ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ. ഇക്കാര്യം ദേവികുളം റെയിഞ്ച് ഓഫീസര്‍ തന്നെ വ്യക്തമാക്കി. കോടനാട് നിലിവില്‍ ഒരു കൂടുണ്ടെങ്കിലും അതിന് ബലക്ഷയമുണ്ടെന്ന് കണ്ടതോടെ പുതിയത് നിര്‍മ്മിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് ആനയെ പിടികൂടാനുളള് ദൗത്യം അല്‍പം വൈകിക്കുന്നതെന്നും റെയിഞ്ച് ഓഫീസർ അറിയിച്ചു. വയനാട്ടില്‍ നിന്നെത്തിയ സംഘമാണ് കൂടുപണിയാനുള്ള യൂക്കാലി മരങ്ങള്‍ കണ്ടെത്തി മുറിക്കാൻ നി‍ർദ്ദേശം നല്‍കിയത്. മുറിച്ച മരങ്ങള്‍ കോടനാട്ടെത്തിച്ചാല്‍ മുന്നു ദിവസത്തിനുള്ളിൽ കൂട് നിര്‍മ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. മാര്‍ച്ച് പത്തോടെ കൂട് നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് വനംവകുപ്പി‍ന്‍റെ പ്രതീക്ഷ. അതിനുശേഷമാകും ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കാട്ടാനയെ പിടികൂടുന്നതിനായി ഇടുക്കിയിലെത്തുക. അരികൊമ്പനെ പിടികൂടുകയെന്ന ദൗത്യം മാര്‍ച്ച് 15 നുള്ളില്‍ തീര്‍ക്കാനാണ് ഇവരുടെയെല്ലാം ശ്രമം.