ബംഗളൂരു: കർണാടകയിലെ ഹാസനിൽ പത്തു വയസ്സുകാരിയെ ചുറ്റിക കൊണ്ട് അടിച്ച അച്ഛൻ അറസ്റ്റിൽ. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറൽ ആയതോടെയാണ് പൊലീസ് കേസ് എടുത്തത്. കെജിഎഫ് സിനിമയിലെ സംഭാഷണങ്ങൾ പറഞ്ഞായിരുന്നു ആക്രമണം. 

ഹാസനിലെ ചെമ്പകനഗറിലാണ് സംഭവം. കാപ്പി എസ്റ്റേറ്റ് ഉടമയായ അൻപതുകാരനാണ് അറസ്റ്റിലായത്. തന്‍റെ രണ്ട് പെൺമക്കളിൽ ഒരാളെയാണ് ഭാര്യയുടെ മുന്നിൽവെച്ചു ഇയാൾ മദ്യലഹരിയിൽ ചുറ്റിക കൊണ്ട് അടിച്ചത്. മക്കളിൽ ഒരാൾ തന്നെ ഇതിന്റെ ദൃശ്യങ്ങൾ എടുത്തിരുന്നു. ഈ ദൃശ്യങ്ങളാണ് പുറത്തായത്.

കെജിഎഫ് സിനിമയിലെ നായകനെപ്പോലെ ചുറ്റിക കൊണ്ട് അടിക്കുമെന്നു പറയുന്ന ഇയാൾ അതിലെ സംഭാഷണങ്ങളും പറയുന്നുണ്ട്. ദൃശ്യങ്ങൾ വൈറൽ ആയതോടെയാണ് ഹാസൻ പൊലീസ് കേസ് എടുത്തത്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഭാര്യ പരാതിയും നൽകി. ഇതോടെ കഴിഞ്ഞ ദിവസം വൈകിട്ട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.  ആൺകുട്ടികൾ ഇല്ലാതിരുന്ന ദേഷ്യത്തിൽ ഇയാൾ പെണ്കുഞ്ഞുങ്ങളെയും ഭാര്യയെയും പതിവായി ഉപദ്രവിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. 

വീഡിയോ കടപ്പാട്- ടൈംസ് നൗ