ഗുവാഹത്തി: രണ്ടര വയസ്സുകാരിയായ മകളെ അച്ഛന്‍ പുഴയിലൊഴുക്കി. ദൈവത്തിന്‍റെ ആജ്ഞ പ്രകാരമാണ് പെണ്‍കുട്ടിയെ പുഴയില്‍ ഒഴുക്കിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. ബക്സ ജില്ലയിലെ ലഹാപാര ജില്ലയിലാണ് നാടിനെ നടക്കിയ സംഭവം. 
പെണ്‍കുട്ടിയുടെ അച്ഛനായ ബീര്‍ബല്‍ ബോഡോ കഴിഞ്ഞ 20 ദിവസമായി രോഗിയാണ്.

പലയിടത്തും ചികിത്സിച്ചിട്ടും രോഗം ഭേദമായില്ല. രോഗം മാറണമെങ്കില്‍ പെണ്‍കുട്ടിയെ പുഴയിലൊഴുക്കണമെന്ന ദൈവത്തിന്‍റെ ആജ്ഞയനുസരിച്ചാണ് കടുംകൈ ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച പെണ്‍കുട്ടിയുമായി പുറത്തുപോയ ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ കൂടെ കുട്ടിയുണ്ടായിരുന്നില്ല. വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ തന്‍റെ രോഗം മാറാനായി പുഴയില്‍ ഒഴുക്കിയെന്നായിരുന്നു മറുപടി. മന്ത്രവാദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇയാള്‍ കുട്ടിയെ പുഴയിലൊഴുക്കിയതെന്ന് സംശയമുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തെങ്കില്‍ മാത്രമേ സംഭവത്തിന്‍റെ നിജ സ്ഥിതി അറിയാനാകൂവെന്ന് എസ്പി തുബേ പ്രതീക് മാധ്യമങ്ങളോട് പറഞ്ഞു.