വെണ്മണി തെക്കൻതോണി തോട്ടത്തിൽ ശ്രീധരൻ ആണ് മരിച്ചത്. 65 വയസായിരുന്നു. സംഭവത്തില്‍ മരുമകൻ കുഞ്ഞുകുട്ടൻ (35) എന്ന് വിളിക്കുന്ന അലക്സിനെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇടുക്കി: ഇടുക്കി വെണ്മണിയിൽ ഭാര്യാ പിതാവിനെ മരുമകൻ കുത്തിക്കൊന്നു. വെണ്മണി തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരൻ ആണ് മരിച്ചത്. 65 വയസായിരുന്നു. സംഭവത്തിൽ ശ്രീധരന്റെ മകളുടെ ഭർത്താവ് അലക്സിനെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കുറച്ച് നാളായി അലക്സ് ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഇതേത്തുടർന്ന് അലക്സിന്റെ ഭാര്യ കുടുംബ വീട്ടിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ഇസ്റ്റർ പ്രമാണിച്ച് കുടുബക്കാരെല്ലാരും തെക്കൻ തോണിയിലെ ശ്രീധരന്‍റെ ഭാര്യയുടെ സഹോദരന്റെ വീട്ടിൽ ഒത്ത് ചേർന്നിരുന്നു. ഇതിനിടെ ഇവിടേക്ക് എത്തിയ അലക്സ് കുടുബാഗങ്ങളുമായി വഴക്കിടുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശ്രീധരനെ കുത്തുകയുമായിരുന്നു എന്ന് ശ്രീധരന്റെ ഭാര്യയും അമ്മയും പറയുന്നു.
പരിക്കേറ്റ ശ്രീധരനെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യ മരിച്ചു. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപെട്ട അലക്സിനെ ഏഴ് മണിയോടെ വെൺമണിയിൽ നിന്നും കഞ്ഞിക്കുഴി സി ഐ സാം ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ശ്രീധരന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.
