ലക്നൗ: മദ്യപിക്കുന്നത് തടയാൻ ശ്രമിച്ച പതിനേഴുകാരിയായ മകളെ അച്ഛൽ വെടിവച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സമ്പാൽ ജില്ലയിലെ ഭണ്ഡാരി ഗ്രാമത്തിലാണ് സംഭവം. നേം സിംഗ് എന്നയാളാണ് മകള്‍ നിതേഷ് കുമാരിയെ കൊലപ്പെടുത്തിയത്.

വെള്ളിയാഴ്‍ച രാത്രിയായിരുന്നു സംഭവം നടന്നത്. വെടിയൊച്ച കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേം സിം​ഗിന്റെ ഭാര്യ പതിനഞ്ച് വര്‍ഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേം സിം​ഗ് അമിതമായി മദ്യപിക്കാൻ തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. അമിത മദ്യപാനത്തെ തുടർന്ന് കൈവശമുണ്ടായിരുന്ന സ്വത്തുക്കളുടെ ഭൂരിഭാ​ഗവും ഇയാൾ വിറ്റഴിച്ചു. ഇതോടെയാണ് മകൾ അച്ഛന്റെ  മദ്യപാനത്തെ നിരന്തരമായി എതിർക്കാൻ തുടങ്ങിയത്.

ഇളയമകന്‍ സൗരഭ് പിതാവിനോട് മദ്യപാനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം സഹോദരനെ പിന്തുണച്ച് നിതേഷ് കുമാരിയും സംസാരിച്ചിരുന്നു. സംഭവ ദിവസം രാത്രി സൗരഭ് വീട്ടില്‍ ഇല്ലായിരുന്നെന്നും ഈ സമയം നേം സിം​ഗ് മകളെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.  

സംഭവത്തിന് പിന്നാലെ നേം സിം​ഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നേം സിം​ഗിന്‍റെ മൂത്തമകന്‍ ഭാര്യയോടൊപ്പം മറ്റൊരിടത്തേക്ക് താമസം മാറിയതോടെ ഇളയമകനും മകള്‍ക്കുമൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്.