ജയ്പൂര്‍: രാജസ്ഥാനില്‍ സ്വന്തം മകളെ അച്ഛന്‍ ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റു. 13 വയസ്സുമാത്രം പ്രായമുള്ള മകളെയാണ് ഇയാള്‍ ഏവ് ലക്ഷം രൂപ പ്രതിഫലം വാങ്ങി വിറ്റത്. തിങ്കളാഴ്ച പെണ്‍കുട്ടിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കുട്ടിയെ കടത്തിക്കൊണ്ടുപോയതിന് പൊലീസ് രണ്ടുപേരെ ആറസ്റ്റ് ചെയ്തു. ജൂണിലാണ് പെണ്‍കുട്ടിയെ കാണാതായത്.

ജൂലൈയില്‍ പിതാവിനെയും മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്. '' രണ്ട് പ്രതികള്‍ക്കൊപ്പം പെണ്‍കുട്ടിയെ ഞങ്ങള്‍ കണ്ടെത്തി. കുട്ടിയെ ചൊവ്വാഴ്ച ബാര്‍മെറില്‍ എത്തിച്ചു. കുട്ടിയെ അമ്മയ്ക്ക് കൈമാറിയിട്ടുണ്ട്. കുട്ടിയെ നവംബര്‍ 15 ന് ഹൈക്കോടതിയില്‍ ഹാജരാക്കും'' പൊലീസ് വ്യക്തമാക്കി. 

പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്നും പൊലൂസ് അറിയിച്ചു. ജൂണ്‍ 30 നാണ് കുട്ടിയെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതായി പിതാവ് അയാളുടെ സഹോദരനെ അറിയിച്ചിരുന്നു. പിന്നീട്  ഇവരെ കാണാന്‍ മകളുമായി പോയ പിതാവ് തിരിച്ചുവന്നത് ഒറ്റയ്ക്കാണ്.

മകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവളെ അമ്മയുടെ സഹോദരന്‍റെ വീട്ടിലാക്കിയെന്ന് കള്ളം പറയുകയും ചെയ്തു. പെണ്‍കുട്ടി അമ്മാവന്‍റെ വീട്ടിലില്ലെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ മകളെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നാണ് പിതാവ് മറുപടി നല്‍കിയത്. 

ഇതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തയി അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും കുട്ടിയെ കൈമാറിയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പൊലീസിന് പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതോടെ പെണ്‍കുട്ടിയുടെ അമ്മാവന്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കി. ഈ കേസ് ഇനി പരിഗണിക്കുന്നത് നവംബര്‍ 15നാണ്.