ലൂസിയാന: രണ്ടുവയസുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന്‍റെ വധശിക്ഷ നടപ്പാക്കി. ആല്‍ഫ്രഡ് ബര്‍ഗേയിസ് എന്ന ലൂസിയാന സ്വദേശിയായ 56കാരനെയാണ് വെള്ളിയാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കിയത്. അമേരിക്കയിലെ ഇന്ത്യാനയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന രണ്ടാമത്തെ ആളാണ് ആല്‍ഫ്രഡ്. 2002ലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ സ്വന്തം മകളെ ആല്‍ഫ്രഡ് കൊലപ്പെടുത്തിയത്. ട

ദിവസങ്ങളോളം പിഞ്ചുമകളെ കൈകാലുകള്‍ കെട്ടിയിട്ടാണ് ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയുടെ മുഖം ഇയാള്‍ ഇടിച്ച് തകര്‍ത്തു. കുട്ടിയുടെ ശരീരത്തില്‍ ഇലക്ട്രിക് വയര്‍ ചുറ്റി ഷോക്കേല്‍പ്പിച്ചു. ടെക്സാസില്‍ വച്ചായിരുന്നു ക്രൂരമായ പീഡനം. ടോയ്ലെറ്റ് സീറ്റില്‍ ഇരിക്കുന്നത് സംബന്ധിച്ച പരിശീലനം മകള്‍ക്ക് നല്‍കുന്നതിനിടെയാണ് ഇയാള്‍ ക്ഷുഭിതനായി ക്രൂരകൃത്യം ചെയ്തത്. ട്രെക്കിന്‍റെ ഡാഷ് ബോര്‍ഡിലും ഗ്ലാസിലുമായി കുട്ടിയുടെ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്.

2004ല്‍ ഇയാളുടെ വിചാരണ പൂര്‍ത്തിയയപ്പോള്‍ കോടതി ഏകസ്വരത്തിലാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അമേരിക്കയില്‍ വധശിക്ഷ വീണ്ടും ആരംഭിച്ചതിന് പിന്നാലെ ശിക്ഷ നടപ്പാക്കുന്ന പത്താമത്തെ ആളാണ് ആല്‍ഫ്രഡ്. വിചാരണയുടെ ഒരുഘട്ടത്തിലും കുട്ടിക്കെതിരായ അക്രമത്തേക്കുറിച്ച് കുറ്റസമ്മതം നടത്താന്‍ തയ്യാറാവാതിരുന്ന ആല്‍ഫ്രഡ് അവസാന സമയം വ്യാജ തെളിവുകള്‍ സൃഷ്ടിച്ചെന്നും തനിക്ക് വേണ്ടി വാദിച്ച അഭിഭാഷകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും വ്യക്തമാക്കിയ ശേഷമാണ് ശിക്ഷയ്ക്ക് വിധേയനായത്. മരുന്ന് കുത്തിവച്ചാണ് ശിക്ഷ നടപ്പാക്കിയത്. 2021 ജനുവരി 20ന് മുന്‍പ് അഞ്ച് വധശിക്ഷകള്‍ കൂടി നടപ്പാക്കുമെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്.