ആഗ്ര: വായ്പ കുടിശ്ശിക വരുത്തിയ ബസുടമയുടെ വാഹനം യാത്രക്കാരെ അടക്കം ജപ്തി ചെയ്ത് ഫിനാന്‍സ് സ്ഥാപനം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ഇന്ന് രാവിലെയാണ് ഡ്രൈവറെയും കണ്ടക്ടറേയും ഇറക്കിവിട്ട് വാഹനം ഫിനാന്‍സ് സ്ഥാപനം വാടക കുടിശ്ശിക വരുത്തിയവരെ പിടികൂടാന്‍ ഏര്‍പ്പാടാക്കിയ സംഘം തട്ടിയെടുക്കുന്നത്. മധ്യ പ്രദേശിലെ ഗുരുഗ്രാമിലേക്ക് 34 യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. 

തട്ടിക്കൊണ്ടുപോവുകയാണെന്ന ഭയന്ന ബസിലുണ്ടായിരുന്നവര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവത്തേക്കുറിച്ച് പുറത്ത് അറിയുന്നതെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ഉത്തര്‍ പ്രദേശിലെ ക്രമസമാധാന നില പാലനത്തിലെ വീഴ്ച എടുത്ത് കാട്ടുന്നതാണ് സംഭവമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. 

ബസില്‍ നിന്ന് ഇറക്കി വിട്ടതിന് പിന്നാലെ ഡ്രൈവറും കണ്ടക്ടറും പൊലീസ് സഹായം തേടിയരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ധനകാര്യ സ്ഥാപനമാണ് നടപടിക്ക് പിന്നിലെന്നുമാണ് ആഗ്ര പൊലീസ് മേധാവി ബബ്ലു കുമാര്‍ എന്‍ ടി ടിവിയോട് പ്രതികരിച്ചത്. ഇതിന് പിന്നാലെ നടന്നത് തട്ടിക്കൊണ്ട് പോവലല്ലെന്ന് യു പി സര്‍ക്കാര്‍ വ്യക്തമാക്കി. ഡ്രൈവറും മറ്റ് ജീവനക്കാരും സുരക്ഷിതരാണെന്നും നടന്നത് ജപ്തിയാണെന്നുമാണ് വിശദീകരണം. ഇന്നലെയാണ് ബസിന്‍റെ ഉടമസ്ഥന്‍ മരിച്ചത്. 

ബസുടമയുടെ അന്തിമ ചടങ്ങുകള്‍ നടന്നതിന് പിന്നാലെയാണ് ആഗ്രയിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനം വാഹനം യാത്രക്കാരെയടക്കം ജപ്തി ചെയ്തത്. എന്നാല്‍ ബസിലുള്ള യാത്രക്കാര്‍ ഇപ്പോള്‍ എവിടെയാണെന്നോ ബസ് എവിടെയാണെന്നോ സര്‍ക്കാര്‍ പ്രസ്താവനയില്‍ വിശദമാക്കിയിട്ടില്ലെന്നാണ് എന്‍ ടി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബസുടമയുടെ മരണം വായ്പ തവണയില്‍ വീട്ടുകാര്‍ വീഴ്ച വരുത്തുമെന്ന തോന്നലിന് പിന്നാലെയായിരുന്നു ജപ്തിയെന്നാണ് സൂചന.