തിരുവനന്തപുരം: തിരുവനന്തപുരത്ത് പിഎംജിയിലെ വികാസ് ലെയിനിലെ ഒരു വീട്ടിൽ ഉണ്ടായ തീപ്പിടുത്തത്തില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വാടകക്ക് താമസിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി സ്റ്റാൻലി ജോസാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ഭാര്യയും മകളും വിദേശത്താണ്. 

വികാസ് ലെയിനിലെ അഞ്ചാം നമ്പർ വീട്ടിലാണ് രാത്രി പത്തേകാലോടെ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്‍സും പൊലീസുമെത്തി തീയണച്ചു. രണ്ട് നിലകളുള്ള വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ഈ മുറിയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഇന്നലെ ഇതാരുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ആരാണ് വീട്ടിൽ താമസിക്കുന്നത് എന്ന കാര്യത്തിൽ അയൽപക്കത്തുള്ള ആർക്കും കൃത്യമായ ധാരണയില്ലെന്നതും മൃതദേഹം തിരിച്ചറിയുന്നത് വൈകിച്ചു.