മുംബൈ: രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി എഴുപതിനായിരം രൂപയ്ക്ക് വിറ്റ അഞ്ചുപേരെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ്, മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി. 

അമ്പര്‍നാഥ് ടൗണ്‍ഷിപ്പിലെ സര്‍ക്കസ് ഗ്രൗണ്ടിന് സമീപത്തെ വീട്ടില്‍ നിന്നാണ് ഇവര്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയത്. സെപ്റ്റംബര്‍ 15നാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചു. കാണാതായ കുട്ടിയുടെ ചിത്രം പൊലീസ് പുറത്ത് വിടുകയും ചെയ്തിരുന്നു. 

ഒരു ഓട്ടോ ഡ്രൈവറാണ് കുട്ടിയെ മറ്റൊരു വീട്ടില്‍ കണ്ടെന്ന വിവരം നല്‍കുന്നത്. തുടര്‍ന്ന് ഈ വീട്ടിലെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 70,000 രൂപയ്ക്ക് സംഘം കുട്ടിയെ വില്‍ക്കുകയായിരുന്നു എന്ന് മനസ്സിലായത്. പിന്നാലെ അഞ്ചം​ഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.