Tattoo Rape Case :  ടാറ്റു ചെയ്യുന്നതിന‍്റെ മറവിലുള്ള ലൈംഗിക അതിക്രമങ്ങളില്‍ ഒരോ ദിവസവും പുറത്ത് വരുന്നത് പുതിയവെളിപ്പെടുത്തലുകള്‍.

കൊച്ചി: ടാറ്റു ലൈംഗിക പീഡനക്കേസില് ‍ പ്രതി സുജേഷിനെതിരെ (Sujesh) പരാതിയുമായി വിദേശ വനിതയും. 2019ൽ കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ഥിനിയായിരിക്കേ, ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോവില്‍ വെച്ച് സുജേഷ് (Kochi tattoo artist) ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. 

ഇതോടെ സുജേഷിനെതിരെ പരാതിപ്പെട്ട യുവതികളുടെ എണ്ണം ഏഴായി. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ വനിതയുടെ വിശദമായി മൊഴി രേഖപ്പെടുത്തുമെന്ന് കമീഷണര്‍ അറിയിച്ചു. 

ടാറ്റു ചെയ്യുന്നതിന‍്റെ മറവിലുള്ള ലൈംഗിക അതിക്രമങ്ങളില്‍ ഒരോ ദിവസവും പുറത്ത് വരുന്നത് പുതിയവെളിപ്പെടുത്തലുകള്‍. 2019 ലാണ് വിദേശ വനിതക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. യൂത്ത് എക്സേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി കൊച്ചിയിലെ കോളേജില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ഈ യുവതി. 

ടാറ്റു ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഒരു പുരുഷ സുഹൃത്താണ് സുജേഷിന്‍റെ ഇടപ്പള്ളിയിലെ ഇന്‍ക് ഫെക്ടഡ് സ്റ്റുഡിയോവില്‍ കൊണ്ടു പോകുന്നത്. ടാറ്റു വര തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ സുജേഷ് പുരുഷ സൂഹൃത്തിനോട് മുറിക്ക് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. മുറിയില്‍ സ്ഥല സൗകര്യംകുറവാണെന്ന് പറഞ്ഞായിരുന്നു ഇത്. 

ഇതിന് ശേഷം തന്‍റെ നേരെ ലൈംഗിക അതിക്രമം തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു. ശല്യം വര്‍ധിച്ചതോടെ സുഹൃത്തിന് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചു. ഇത് കണ്ടതോടെ സുജേഷ് ദേഷ്യപ്പെട്ടെന്നും പരാതിയിലുണ്ട്. സുജേഷിനെതിരെ നിരവധി യുവതികള്‍ മീടു പോസ്റ്റിട്ട കാര്യം സുഹൃത്തില്‍നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ വിദേശ വനിതയും തീരുമാനിച്ചത്. 

തുടര്‍ന്ന് ഇ-മെയില്‍ മുഖേന കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്കുകയായിരുന്നു. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ വനിതയുടെ വിശദമായി മൊഴി രേഖപ്പെടുത്തുമെന്ന് കമീഷണര്‍ അറിയിച്ചു. ഇതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. നിലവില്‍ ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രണ്ടും പാലാരിവട്ടം സ്റ്റേഷനില്‍ നാല് കേസും സുജേഷിനെതിരെയുണ്ട്.