Asianet News MalayalamAsianet News Malayalam

മുള്ളൻ പന്നിയെ കുരുക്ക് വച്ച് പിടിച്ചു; ഇടുക്കിയിൽ രണ്ട് പേര്‍ പിടിയില്‍

വണ്ടിപ്പെരിയാർ മ്ലാമല പോബ്സൺ എസ്റ്റേറ്റിലെ കുമരേശൻ, ഇയാളുടെ ബന്ധു ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽ രതീഷ് എന്നിവരെയാണ് മുള്ളൻ പന്നിയെ കുരുക്ക് വച്ച് പിടിച്ച കേസിൽ കുമളി റേഞ്ചിലെ വന പാലകർ പിടികൂടിയത്.

forest department arrested two people who caught  porcupine in idukki
Author
First Published Oct 5, 2022, 10:28 PM IST

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ മുള്ളൻ പന്നിയെ കുരുക്ക് വച്ച് പിടിച്ച രണ്ട് പേരെ വനംവകുപ്പ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും എട്ട് കിലോ മുള്ളൻ പന്നിയുടെ ഇറച്ചിയും ആയുധങ്ങളും ഇവരിൽ കസ്റ്റഡിയിൽ എടുത്തു.

വണ്ടിപ്പെരിയാർ മ്ലാമല പോബ്സൺ എസ്റ്റേറ്റിലെ കുമരേശൻ, ഇയാളുടെ ബന്ധു ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽ രതീഷ് എന്നിവരെയാണ് മുള്ളൻ പന്നിയെ കുരുക്ക് വച്ച് പിടിച്ച കേസിൽ കുമളി റേഞ്ചിലെ വന പാലകർ പിടികൂടിയത്. ഇഞ്ചിക്കാട് ഭാഗത്ത് വന്യമൃഗവേട്ട നടക്കുന്നതായി വനംവകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ പിടിയിലായത്. വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റിലെ തേയില തോട്ടത്തിൽ നിന്നുമാണ് മുള്ളൻ പന്നിയെ കുരുക്ക് വച്ച് പിടിച്ചത്. രതീഷിൻ്റെ വീട്ടിൽ നിന്ന് മുള്ളൻ പന്നിയുടെ എട്ട് കിലോ ഗ്രാം ഇറച്ചി, 1050 ഗ്രാം ജഡാശിഷ്ടങ്ങൾ, ഇറച്ചി സൂക്ഷിച്ച പാത്രം, കൊല്ലാൻ ഉപയോഗിച്ച കുരുക്ക്, മറ്റ് ആയുധങ്ങൾ എന്നിവ വനം വകുപ്പ് കണ്ടെത്തി.

ഒന്നാം പ്രതിയായ കുമരേശൻ മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായി വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios