കുമളിയിൽ ചന്ദന ശിൽപവുമായി അച്ഛനും മകനും ഉൾപ്പെടെ  മൂന്നുപേരെ വനപാലകർ പിടികൂടി

ഇടുക്കി: കുമളിയിൽ ചന്ദന ശിൽപവുമായി അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേരെ വനപാലകർ പിടികൂടി. ഇവരുടെ പക്കൽ നിന്നു 876 ഗ്രാം തൂക്കമുള്ള ചന്ദന ശിൽപം കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിൽ താമസിക്കുന്ന അന്തോണി സ്വാമി, ഇയാളുടെ മകൻ ഹർഷവർധൻ , ശബരിമല എസ്റ്റേറ്റിൽ സത്രം പുതുവലിൽ താമസിക്കുന്ന രാജ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു. വാളാർഡി ആനക്കുഴി റോഡിൽ രാത്രി കാല വാഹന പരിശോധക്കിടെയാണ് ഓട്ടോയിൽ കടത്തി കൊണ്ട് വന്ന ചന്ദന ശിൽപ്പം പിടികൂടിയത്.

ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തി കേസ്: മൃതദേഹാവശിഷ്ടങ്ങൾക്കായി ചാലിയാർ പുഴയിൽ തെരച്ചിൽ തുടരും

മലപ്പുറം: നിലമ്പൂരില്‍ ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി ചാലിയാർ പുഴയിൽ നാളെയും തെരച്ചിൽ തുടരും. നേവിയുടെ കൂടി സഹായത്തോടെയാകും പരിശോധന. ഷാബ ഷരീഫിനെ കൊലപ്പെടുത്തി കവറുകളിലാക്കി പുഴയിൽ തള്ളിയെന്നാണ് മുഖ്യപ്രതി ഷൈബിനും കൂട്ടാളികളും പൊലീസിനോട് വെളിപ്പെടുത്തിയത്.

വൈദ്യനെ കൊന്ന് വെട്ടിനുറുക്കി കവറുകളിലാക്കി എടവണ്ണ സീതി ഹാജി പാലത്തിൽ നിന്ന് പുഴയിലേക്ക് തള്ളിയെന്നാണ് പ്രതികളുടെ മൊഴി. ഇതിൻറെ അടിസ്ഥാനത്തിൽലാണ് സ്കൂബ സംഘത്തിന്‍റെ സഹായത്തോടെ പോലീസ് പരിശോധന തുടങ്ങിയത്. ആദ്യദിനം ഒന്നും കണ്ടെത്താനായില്ല. നാളെ നേവിയിലെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ തുടരും. കേസിൽ ഡിജിറ്റൽ തെളിവുകളുള്‍ പലതും കിട്ടിയെങ്കിലും മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടാത്തതാണ് വെല്ലുവിളി. 

ഡിഎന്‍എ പരിശോധനയിലൂടെ മരിച്ചത് ഷാബ ഷരീഫ് എന്ന് തെളിയിക്കാൻ സഹായിക്കുന്ന എന്തെങ്കിലും തുമ്പ് കിട്ടുമോയെന്ന് തേടുകയാണ് പോലീസ്. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷറഫ് , കൂട്ടുപ്രതികളായ ഷിഹാബുദീൻ, നിഷാദ് എന്നിവരെ കൊല നടന്ന നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ച് നാളെ തെളിവെടുക്കും. ഇനി പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി സംസ്ഥാനത്ത് പുറത്തും അന്വേഷണം നടക്കുന്നുണ്ട്.