വനിതാ പൊലീസ് സ്റ്റേഷനിൽ 16 കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓം പ്രകാശ് ഗുപ്തയെ അറസ്റ്റ് ചെയ്തത്.
റായ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ. ഓംപ്രകാശ് ഗുപ്ത എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി എഎസ്പി പ്രഫുല്‍ താക്കൂര്‍ അറിയിച്ചു.
വനിതാ പൊലീസ് സ്റ്റേഷനിൽ 16 കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓം പ്രകാശ് ഗുപ്തയെ അറസ്റ്റ് ചെയ്തത്. വീട്ടുവേലയ്ക്കും പഠനത്തിനുമായാണ് കുട്ടിയെ മതാപിതാക്കൾ ഗുപ്തയുടെ വീട്ടില്‍ പാര്‍പ്പിച്ചിരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2016 മുതല്‍ 2019 ഡിസംബര്‍ വരെ പല തവണ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
നയാ റായ്പൂരിലെ ഒരു കെട്ടിടത്തിൽ വച്ചും ഇയാൾ തന്നെ ദുരുപയോഗം ചെയ്തിരുന്നതായും ഇക്കാര്യം പുറത്തുപറഞ്ഞാൽ പ്രത്യഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. പിന്നീട് പെണ്‍കുട്ടി വിവരങ്ങളെല്ലാം വീട്ടില്‍ പറയുകയും, തുടര്‍ന്ന് ഒരു സന്നദ്ധസംഘടനയുടെ സഹായത്തോടെ റായ്പൂരിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
