തന്റെ മകനും മരുമകളും തമ്മിൽ നിലനിൽക്കുന്ന ജീവനാംശം സംബന്ധിച്ച തർക്കത്തിന്റെ പ്രതികാരമായാണ് ഈ വ്യാജ പരാതി നൽകിയിരിക്കുന്നതെന്ന് വിനായക് റാവുത്ത് അവകാശപ്പെടുന്നത്
താനെ: കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണം അമാനുഷിക ശക്തിയെന്ന് മുൻ എംപി കൂടിയായ അമ്മായിയച്ഛൻ. യുവതി നേരിട്ടത് ക്രൂരമായ പീഡനം. മഹാരാഷ്ട്ര മുൻ എംപി വിനായക് റാവുത്തിനെതിരെ ഗുരുതര ആരോപണവുമായി മരുമകൾ. ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്ന ഭർത്താവിന്റെ മാതാപിതാക്കൾ പശുവിന്റെ മൂത്രം നിർബന്ധിച്ച് കുടിപ്പിച്ചുവെന്നും നിരന്തരം മന്ത്രവാദികളെ കാണേണ്ടി വന്നുവെന്നുമാണ് മരുമകൾ ഗിരിജ റാവുത്ത് പരാതിയിൽ പറയുന്നത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഭർത്താവ് ഗിതേഷ് റാവുത്ത്, അമ്മായിയച്ഛൻ വിനായക് റാവുത്ത്, കൂടാതെ ഫിറോസ് ബാബ, കാസി ബാബ എന്നീ രണ്ട് മന്ത്രവാദികൾ എന്നിവർക്കെതിരെയാണ് ഗിരിജ റാവുത്ത് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഭർത്താവിന്റെ മാതാപിതാക്കളുടെ അന്ധവിശ്വാസത്തിന്റെ പേരിൽ വർഷങ്ങളായി മാനസികവും ശാരീരികവുമായ പീഡനങ്ങൾ അനുഭവിച്ചതായാണ് മുൻ എംപിയുടെ മരുമകൾ ആരോപിക്കുന്നത്.
നിർബന്ധിച്ച് പശുവിൻ മൂത്രം കുടിപ്പിച്ചുവെന്നും, മന്ത്രവാദ കർമ്മങ്ങൾക്കായി തന്റെ തലമുടി പിഴുതെടുത്തുവെന്നും, കപട സിദ്ധന്മാരുടെ അടുത്തേക്ക് നിർബന്ധപൂർവ്വം കൊണ്ടു പോയെന്നുമാണ് യുവതിയുടെ പ്രധാന ആരോപണം.ഗിരിജയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2013-ലെ മഹാരാഷ്ട്ര നരബലി, മറ്റ് അമാനുഷിക, അഘോരി ആചാരങ്ങൾ, മന്ത്രവാദം എന്നിവ തടയലും നിർമ്മാർജ്ജനവും സംബന്ധിച്ച നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.എന്നാൽ വിനായക് റാവുത്ത് ഈ ആരോപണങ്ങളെല്ലാം പൂർണ്ണമായും തള്ളിക്കളഞ്ഞു.
തന്റെ മകനും മരുമകളും തമ്മിൽ നിലനിൽക്കുന്ന ജീവനാംശം സംബന്ധിച്ച തർക്കത്തിന്റെ പ്രതികാരമായാണ് ഈ വ്യാജ പരാതി നൽകിയിരിക്കുന്നതെന്ന് വിനായക് റാവുത്ത് അവകാശപ്പെടുന്നത്. പരാതിയിൽ പറയുന്ന സംഭവങ്ങൾ 2018നും 2022നും ഇടയിൽ നടന്നതാണെന്ന് ആരോപിക്കപ്പെടുമ്പോഴും, ആ സമയത്തൊന്നും പരാതി നൽകാതിരുന്ന ഗിരിജ, കോടതിയിൽ ജീവനാംശവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതിന് ശേഷമാണ് പൊലീസിനെ സമീപിച്ചതെന്നാണ് വിനായക് റാവുത്ത് ചൂണ്ടിക്കാണിക്കുന്നത്. ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന 3 ബിഎച്ച്കെ ടെറസ് ഫ്ലാറ്റും പ്രതിമാസം രണ്ട് ലക്ഷം രൂപ ജീവനാംശവും ഗിരിജ ആവശ്യപ്പെട്ടിരുന്നുവെന്നും, തങ്ങൾ അത് നിരസിച്ചതാണ് നിലവിലെ ആരോപണത്തിന് പിന്നിലെന്നും വിനായക് റാവുത്ത് വിശദമാക്കുന്നത്.


