ദിസ്പൂർ: നഴ്സുമാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആസാമിലെ ബിശ്വനാഥ് ജില്ലയാണ് സംഭവം നടന്നത്. ലഖിംപൂർ സ്വദേശികളായ മൂന്ന് നഴ്സ്മാർക്ക് നേരെയാണ് പ്രതികൾ ലൈംഗികാതിക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി ഡാഗാവോണിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ചാണ് നഴ്സുമാർക്ക് നേരെ അതിക്രമം നടന്നത്. ഡ്യൂട്ടി ചെയ്യാൻ ആശുപത്രിയിലേക്ക് പോവുകയായിരുന്നു മൂവരും. നഴ്സുമാർക്ക് നേരെ പ്രതികൾ അതിക്രമം കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഓടി എത്തുകയും പ്രതികളിൽ ഒരാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. എന്നാൽ, ഇവരെ പിറ്റേദിവസം രാവിലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

നാലുപേർക്കെതിരെ ബിശ്വനാഥ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ തുടരന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.