തൊടുപുഴ: മദ്യ ലഹരിയിൽ എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ട് പട്ടാളക്കാ‌ർ ഉൾപ്പെടെ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ ടൗണിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാത്രി പതിനൊന്നരയോടെ തൊടുപുഴ ടൗണിലെ ബാറിന് മുന്നിൽ നാലുപേർ തമ്മിൽ സംഘർഷം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.

എസ്ഐ എം പി സാഗറിൻറെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ഇവരെ പിടിച്ചു മാറ്റുന്നതിനിടെ സംഘം എസ്ഐ ഉൾപ്പെടെുള്ളവരെ മർദിക്കുകയായിരുന്നു. തൊടുപുഴ സ്വദേശികളായ പുത്തൻപുരയിൽ കൃഷ്ണ കുമാർ, കാരക്കുന്നേൽ അരുൺ ഷാജി, സഹോദരൻ അമൽ ഷാജി, തൊട്ടിപ്പറമ്പില്‍ വിഷ്ണു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇതിൽ കൃഷ്ണകുമാർ കരസേനയിലെ അസിസ്റ്റന്റ് നഴ്സും, അരുൺ ഷാജി സാങ്കിതക വിഭാഗത്തിലുള്ളയാളുമാണ്. ഉത്തരേന്ത്യയിൽ ജോലി ചെയ്യുന്ന ഇവർ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. എസ്ഐ എം പി സാഗർ, ഡ്രൈവർ രോഹിത് എന്നിവർക്ക് ഇവരുടെ മർദനത്തിൽ പരുക്കേറ്റിരുന്നു.

ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് സംഘം ഏറെ പണിപ്പെട്ടാണ് ഇവരെ പിടികൂടിയത്. പൊലീസിൻറെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, ആക്രമണം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് എടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.