150 കിലോ കഞ്ചാവും 500 ഗ്രാം എംഡിഎംഎയും സൂക്ഷിച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. പള്ളിത്തുറക്ക് സമീപം നെഹ്റു ജംഗ്ക്ഷനിലെ വാടക വീട്ടിലും കാറിലും നിന്നുമായി 155 കിലോഗ്രാം കഞ്ചാവും, 61 ഗ്രാം എംഡിഎംഎയും പിടികൂടി. സംഭവത്തില്‍ നാല് പേരെ എക്സൈസ് എംഫോഴ്സ്മെന്റ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. നഗരം കേന്ദ്രീകരിച്ചുള്ള വിൽപനയ്ക്കായി വിശാഖപട്ടണത്ത് നിന്നാണ് ലഹരിവസ്തുക്കൾ എത്തിച്ചത്. 

തിരുവനന്തപുരം തീരമേഖല കേന്ദ്രീകരിച്ചുള്ള ലഹരിവിൽപന സംഘങ്ങളെ കുറിച്ചുള്ള രഹസ്യവിവരമാണ് വൻ ലഹരിമരുന്ന് വേട്ടയിലേക്ക് നയിച്ചത്. രണ്ടാഴ്ച മുമ്പാണ് വലിയവേളി സ്വദേശിയായ 34 കാരൻ അനു, നെഹ്റു ജംഗ്ക്ഷനിൽ വാടകയ്ക്ക് വീട് എടുത്തത്. കഠിനംകുളം സ്വദേശിയായ 24 കാരൻ ജോഷ്വോ, വലിയവേളി സ്വദേശി 31 കാരൻ കാർലോസ്, 20 വയസ്സുള്ള ഷിബു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഈ വീട് കേന്ദ്രീകരിച്ച്, വിശാഖപട്ടണത്ത് നിന്ന് ലഹരി എത്തുന്നുവെന്ന് തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് വിവരം കിട്ടി. അന്വേഷണത്തിൽ ഈ നാല് പേരും കഴിഞ്ഞ ദിവസം വിശാഖപട്ടണത്തുണ്ടായിരുന്നു എന്നും കണ്ടെത്തി. അനുവും, ഷിബുവും ഈ സമയം തിരുവനന്തപുരത്ത് തിരിച്ചത്തെയിരുന്നു. വിശാഖപട്ടണത്ത് നിന്ന് കാറിൽ മടങ്ങുകയായിരുന്ന ജോഷ്വോയെയും കാർലോസിനെയും പിന്തുടർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. 

Also Read: വാഹനത്തിന് പിന്നിൽ അനക്കം, പരിശോധനയില്‍ വളർത്തുനായക്കൊപ്പം കടത്താൻ ശ്രമിച്ച എംഡിഎംഎ; പ്രതികൾ പിടിയിൽ

62 പൊതി കഞ്ചാവാണ് കാറിലുണ്ടായിരുന്നത്. വീട്ടിലെ അലമാരയിൽ 10 പൊതി കഞ്ചാവും സൂക്ഷിച്ചിരുന്നു. പ്രതികളുടെ വസ്ത്രത്തിനുള്ളിലായിരുന്നു 61 ഗ്രാം എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ഏകദേശം 75 ലക്ഷം രൂപ വില വരുന്ന കഞ്ചാവും, 2 ലക്ഷം രൂപ വില വരുന്ന എംഎഡിഎംഎയുമാണ് പിടികൂടിയത്. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

YouTube video player