സ്വകാര്യ കമ്പനിയിൽ ഉയർന്ന ജോലിക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം നിശ്ചയിച്ച് പ്രതിശ്രുത വധുവിന്‍റെ വീട്ടുകാരില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ മലപ്പുറം ചങ്ങരംകുളത്ത് പൊലീസ് പിടിയിലായി. 

മലപ്പുറം: സ്വകാര്യ കമ്പനിയിൽ (Private coompany) ഉയർന്ന ജോലിക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം (Marriage) നിശ്ചയിച്ച് പ്രതിശ്രുത വധുവിന്‍റെ വീട്ടുകാരില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത (Fraud case) കേസില്‍ രണ്ടു പേര്‍ മലപ്പുറം ചങ്ങരംകുളത്ത് പൊലീസ് പിടിയിലായി. പിതാവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പ്രതിശ്രുത വരനും സുഹൃത്തും ചേര്‍ന്ന് പണം തട്ടിയത്.

കോഴിക്കോട് സ്വദേശി അക്ഷയ്,സുഹൃത്ത് കൊല്ലം സ്വദേശി അജി എന്നിവരാണ് പൊലീസ് പിടിയിലായത്.അക്ഷയും പെൺകുട്ടിയും തമ്മിലുള്ള കല്യാണ നിശ്ചയം കഴിഞ്ഞ വർഷം ആർഭാടമായി നടന്നിരുന്നു.അടുത്തിടെയാണ് പിതാവിന്‍റെ ചികിത്സക്കെന്ന് പറഞ്ഞ് കബളിപ്പിച്ച് അക്ഷയ് പെൺകുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പത്തു ലക്ഷം രൂപ വാങ്ങിയത്. 

പണം നല്‍കിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കളിപ്പിക്കപെട്ട വിവരം പെൺകുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞത്. പിന്നാലെ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പൊലീസ് അന്വേഷണത്തില്‍ വിവാഹ നിശ്ചയത്തിന് വരന്‍റെ ബന്ധുക്കളായി എത്തിയവരെല്ലാം അക്ഷയ് ദിവസക്കൂലിക്ക് കൊണ്ടുവന്നവരായിരുന്നുവെന്ന് വ്യക്തമായി.അന്വേഷണത്തില്‍ അക്ഷയും അജിയും കേരളത്തിലെ വിവിധ ജില്ലകളിലായി 15 ഓളം വിസതട്ടിപ്പ് കേസുകളിലായി 2.5 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയവരാണെന്നും പൊലീസ് കണ്ടെത്തി. 

ഇവർക്ക് കൊടുങ്ങല്ലൂർ, കൊല്ലം ക്രൈം ബ്രാഞ്ച്, കൊരട്ടി, വണ്ടൂർ, കോഴിക്കോട് നല്ലളം, പാലക്കാട്‌ വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂർ , കോട്ടയം കിടങ്ങൂർ എന്നിവിടങ്ങളിൽ വിസ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. പഠനത്തിനായി യൂറോപ്പിലെത്തിയ അക്ഷയ് വിവിധ രാജ്യങ്ങളിലേക്ക് ആളുകൾക്ക് വീസ സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്.അറസ്റ്റിലായ പ്രതികളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

മകളെ പീഡിപ്പിച്ച് മുങ്ങി; ആറുവര്‍ഷത്തിന് ശേഷം പ്രതിയെ രാജസ്ഥാനില്‍ നിന്ന് പിടികൂടി

മലപ്പറം: മകളെ പീഡിപ്പിച്ച് (Rape) ഗര്‍ഭിണിയാക്കിയശേഷം മുങ്ങിയ പിതാവ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയിലായി. മലപ്പുറം (Malappuram) പെരുമ്പടപ്പ് പൊലീസ് രാജസ്ഥാനിലെത്തിയാണ് ഇതര സംസ്ഥാനക്കാരനായ പ്രതിയെ പിടികൂടിയത്. ബീഹാറുകാരനായ അമ്പതുകാരനാണ് പൊലീസ് പിടിയിലായത്. ബീഹാര്‍ സ്വദേശിയായ ഭാര്യയുടെ മരണ ശേഷം ഇയാള്‍ മലയാളിയായ യുവതിയെ വിവാഹം കഴിച്ച് പെരുമ്പടപ്പിലായിരുന്നു താമസം. ആദ്യ ഭാര്യയിലെ പ്രായ പൂര്‍ത്തിയാവാത്ത ഇരട്ടക്കുട്ടികളില്‍ ഒരാളെയാണ് ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.

പീഡിപ്പിച്ചത് പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ മകളെ ഭീഷണിപെടുത്തിയിരുന്നു. അതുകാരണം ബംഗാളികളായ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും അതിലാണ് ഗര്‍ഭിണിയായതെന്നുമാണ് കുട്ടി പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്. മൊഴിയില്‍ പൊരുത്തക്കേടുള്ളതിനാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അച്ഛനാണ് പ്രതിയെന്ന് വ്യക്തമായത്. പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ കേസാണ് എടുത്തിട്ടുള്ളത്. നാടുവിട്ടാല്‍ പ്രതിയെ വീണ്ടും പിടികൂടാനുള്ള ബുദ്ധിമുട്ട് കോടതിയെ അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുമെന്നും പൊലീസ് അറിയിച്ചു.