പെരിന്തല്‍മണ്ണ: മത വിശ്വാസം ഉപേക്ഷിച്ചതിന് ബന്ധുക്കളിൽ നിന്ന് വധഭീഷണിയെന്ന് യുവതി. പെരിന്തൽമണ്ണ സ്വദേശിനിയായ സി കെ ഷെറീന എന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അതേ സമയം ആരും മർദ്ദിച്ചിട്ടില്ലെന്നും മകൾക്ക് സ്വന്തമിഷ്ടപ്രകാരം ജീവിക്കാമെന്നും യുവതിയുടെ പിതാവ് വ്യക്തമാക്കി

ഡിഗ്രി പഠന കാലത്താണ് മത വിശ്വാസം ഉപേക്ഷിച്ചതെന്ന് ഷെറീന പറയുന്നു. കഴിഞ്ഞ ദിവസം കാമുകനൊപ്പമുള്ള ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു, അതോടെ അന്യമതസ്ഥനൊപ്പം ഒളിച്ചോടി എന്ന തരത്തിൽ വാർത്ത വന്നു, ഇനി ഫേസ് ബുക്ക് ഉപയോഗിക്കരുതെന്നും രാഷ്ട്രീയ നിലപാടുകൾ പറയരുതെന്നും പറഞ്ഞ് സഹോദരങ്ങൾ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു

എന്നാൽ ആരും മർദ്ദിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ഷെറീനയുടെ പിതാവ് പറയുന്നു. സഹോദരങ്ങൾ മർദ്ദിക്കുന്നു എന്ന് പറഞ്ഞ് മുറിയിൽ കയറി വാതിലടക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു, താനാണ് മകൾക്കൊപ്പം പൊലീസ് സ്റ്റേനിൽ വന്നതെന്നും അവൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്നും പിതാവ് പറഞ്ഞു. 
സഹോദരങ്ങൾക്കെതിരെയുള്ള പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. യുവതി സുഹൃത്തുക്കൾക്കൊപ്പം പോവുകയാണെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു.