ജയ്പുര്‍: അഞ്ച് കൊലക്കേസുകളിലെ പ്രതിയെ ലോക്കപ്പില്‍നിന്ന് ഇറക്കാന്‍ സിനിമാ സ്റ്റൈലില്‍ ഗ്യാംങ് സംഘങ്ങള്‍ എകെ 47 തോക്കുമായി പൊലീസ് സ്റ്റേഷനില്‍. രാജസ്ഥാനിലെ ആല്‍വാറിലാണ് ബോളിവുഡ് സിനിമകളിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന സംഭവമുണ്ടായത്. വെള്ളിയാഴ്ച രാവിലെ വാഹനത്തിലെത്തിയ 20 അംഗ സംഘം ബെഹ്റോര്‍ പൊലീസ് സ്റ്റേഷന് മുന്നിലെത്തി.

പൊലീസ് സ്റ്റേഷന്‍ പരിസരത്ത് എകെ 47 ഉപയോഗിച്ച് 40 റൗണ്ട് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലക്കേസ് പ്രതിയെ ലോക്കപ്പില്‍ നിന്നിറക്കി. ഹരിയാനയിലെ കൊടും ക്രിമിനലായ വിക്രം ഗുര്‍ജര്‍ എന്ന യുവാവിനെയാണ് സംഘം രക്ഷിച്ചത്. കുറ്റവാളിയുമായി കടന്ന സംഘത്തിന്‍റെ വാഹനം കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ കേടായി. അതുവഴിയെത്തിയ സ്കോര്‍പിയോ കാറിനെ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടിയ സംഘം തട്ടിയെടുത്ത വാഹനത്തില്‍ കടന്നുകള‌ഞ്ഞു.

പൊലീസ് പിന്തുടര്‍ന്നെങ്കിലും സംഘത്തിനെ പിടിക്കാന്‍ സാധിച്ചില്ലെന്ന് ബെഹ്റോര്‍ എസ്പി അമന്‍ദീപ് കപൂര്‍ പറഞ്ഞു. സംഘത്തെ പിടികൂടാന്‍ രാജസ്ഥാന്‍ ഡിജിപി ഭൂപേന്ദ്ര യാദവ് സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിനെ നിയോഗിച്ചു. ഹരിയാനയിലെ ഡോ. കുല്‍ദീപിന്‍റെ സംഘാംഗമാണ് വിക്രം ഗുര്‍ജര്‍. പൊലീസ്  കോണ്‍സ്റ്റബിളടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിക്രം.

ഹരിയാന സര്‍ക്കാര്‍ അഞ്ച് ലക്ഷം ഇനാം പ്രഖ്യാപിച്ച വിക്രമിനെ ചൊവ്വാഴ്ചയാണ് ബെഹ്റോര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും റിപ്പോര്‍ട്ട് തേടി.