ഏപ്രില്‍ 2019 ന് ഫര്‍മാന സഹായികളായ ശരദ് പാണ്ഡേക്കും കപില്‍ ചിതാനിയക്കുമൊപ്പം നാഗലാന്‍റിലെത്തിയിരുന്നതായി സിബിഐ കണ്ടെത്തി...

ദില്ലി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നാഗലാന്‍റിലെ രാഷ്ട്രീയ പ്രവര്‍ത്തകനെ കൊല്ലാന്‍ 80 ലക്ഷവും ഫോര്‍ഡ് എന്‍റവര്‍ കാറും പറഞ്ഞുറപ്പിച്ച ഗുണ്ടാതലവനെതിരെ കേസെടുത്ത് സിബിഐ.

ദില്ലി ക്രൈം ബ്രാഞ്ച് പൊലീസ് വിജയ് ഫര്‍മാന എന്ന ഗുണ്ടാനേതാവിനെ മെയ് 17 ന് ഉത്തര്‍പ്രദേശില്‍നിന്ന് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ലക്നൗവില്‍ വച്ച് കാമുകിയെ കാണാനെത്തിയപ്പോഴാണ് ഇയാളെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. 

സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ആഭ്യന്തരമന്ത്രാലയം ജൂലൈ 31ന് കേസ് സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നു. ഏപ്രില്‍ 2019 ന് ഫര്‍മാന സഹായികളായ ശരദ് പാണ്ഡേക്കും കപില്‍ ചിതാനിയക്കുമൊപ്പം നാഗലാന്‍റിലെത്തിയിരുന്നതായി സിബിഐ കണ്ടെത്തി. നാഗാലിന്‍റെ മുതിര്‍ന്ന നേതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല. 

ആരാണ് ക്വട്ടേഷന്‍ നല്‍കിയത് ? രാഷ്ട്രീയ വൈര്യമാണോ ക്വട്ടേഷന് പിന്നില്‍ ? എന്നതടക്കമുള്ള വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഉടന്‍ വിജയ് ഫര്‍മാനായെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സിബിഐ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.