Asianet News MalayalamAsianet News Malayalam

ലോറിയിലുള്ളത് അച്ഛനും മകനും, ആന്ധ്രയിൽ നിന്ന് തൊടുപുഴയ്ക്കുള്ള ലോഡിൽ ഉണ്ടായിരുന്നത് എൺപത് കിലോ കഞ്ചാവ്

കാളിയാർ സ്വദേശി തങ്കപ്പനും, അരുൺ തങ്കപ്പനും. അച്ഛനും മകനുമാണ്.  ആന്ധ്രയിൽനിന്ന് ലോറിയിൽ കേരളത്തിലേക്ക്. 

ganja  load from Andhra to Thodupuzha seized
Author
First Published Sep 11, 2022, 12:18 AM IST

തൊടുപുഴ: കാളിയാർ സ്വദേശി തങ്കപ്പനും, അരുൺ തങ്കപ്പനും. അച്ഛനും മകനുമാണ്.  ആന്ധ്രയിൽനിന്ന് ലോറിയിൽ കേരളത്തിലേക്ക്.  കൃത്യമായി പറഞ്ഞാൽ തൊടുപുഴയിലേക്ക് കഞ്ചാവ് കടത്തലാണ് പ്രധാന പരിപാടി.  ഒടുവിൽ ഇന്ന് പിടി വീണു. സഹായികളായ രണ്ട് പേർ കൂടി എക്സൈസിന്‍റെ പിടിയിലായിട്ടുണ്ട്.  80 കിലോ കഞ്ചാവാണ് പിടിയിലാകുമ്പോൾ ഇവരുടെ കൈവശമുണ്ടായിരുന്നത്.

തൊടുപുഴ കാളിയാർ സ്വദേശി തങ്കപ്പൻ, ഇയാളുടെ മകൻ അരുൺ തങ്കപ്പൻ, പടിഞ്ഞാറേ കോടിക്കുളം സ്വദേശി നിതിൻ വിജയൻ, വണ്ണപ്പുറം സ്വദേശി അബിൻസ് എന്നിവരെയാണ് ലോറിയിൽ കഞ്ചാവുമായെത്തിയപ്പോൾ എക്സൈസ് സംഘം പിടികൂടിയത്.  ആന്ധ്ര പ്രദേശിൽ നിന്നും വൻതോതിൽ കഞ്ചാവ് തൊടുപുഴയിലെത്തിച്ച് വിൽപ്പന നടത്തുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആഡ്രാ പ്രദേശിൽ നിന്നും കഞ്ചാവുമായി തൊടുപുഴയ്ക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയെ പിന്തുടർന്നാണ് പിടികൂടിയത്. ലോറിയും കസ്റ്റഡിയിലെടുത്തു. 

ആന്ധ്രാപ്രദേശിൽ നിന്ന് ഒരു കിലോ കഞ്ചാവ് 3000 രൂപയ്ക്ക് വാങ്ങി കേരളത്തിൽ ഇരുപതിനായിരം മുതൽ 35,000 രൂപവരെ നിരക്കിലാണ് ഇവർ വിറ്റിരുന്നത്. ആന്ധ്രയിൽ ആഴ്ചകളോളം തങ്ങി കഞ്ചാവ് വാങ്ങി എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും, ഇടുക്കി ജില്ലയിലെ പലഭാഗങ്ങളിലും എത്തിച്ച് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. 1500 കിലോയോളം കഞ്ചാവാണ് ഇത്തവണ കൊണ്ടുവന്നതെന്നാണ് എക്സൈസിനു ലഭിച്ചിരിക്കുന്ന വിവരം.

Read more:  കോണ്ടാക്ടിലുള്ളവർക്കെല്ലാം വാട്സ് ആപ്പിൽ മോർഫ് ചെയ്ത ചിത്രമെത്തി, കുടുംബത്തിന്റെ വേരറുത്ത ലോൺ ആപ്പ് കെണി

സംഘത്തിലുള്ളവ‍ർ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് എത്തിച്ചു നൽകുന്നുണ്ടെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി സ്വദേശി നാസർ എന്നയാളാണ് ഇവർക്ക് നേതൃത്വം നൽകുന്നത്. വിദേശത്തുള്ള ഇയാളാണ് ആവശ്യമായ പണം നൽകുന്നതെന്നും പിടിയിലായവ‍ർ എക്സൈസിന് മൊഴിനൽകിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം നാസറിനെയും കേസിൽ പ്രതിയാക്കും.

Follow Us:
Download App:
  • android
  • ios