കാർ കാണാതായതോടെ ഉടമ ജി.പി. എസ് വഴി അന്വേഷിച്ചപ്പോഴാണ് പള്ളുരുത്തി കെ.എം.പി നഗറിൽ റോഡരുകില്‍ കിടക്കുന്നത് കണ്ടത്. അകത്ത് ചാക്കു കെട്ടുകൾ കണ്ട് സംശയം തോന്നിയതോടെ ഉടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കൊച്ചി: എറണാകുളത്ത് വൻ കഞ്ചാവ് വേട്ട. പള്ളുരുത്തിയിൽ റോഡരികിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ നിന്നും നൂറ്റി എഴുപത്തിയേഴ് കിലോ കഞ്ചാവ് കണ്ടെടുത്തു. വാടകക്കെടുത്ത കാറിലായിരുന്നു കഞ്ചാവ് കടത്ത്. നാലു ചാക്കുകളിലായാണ് കാറില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പത്ത് ദിവസം മുൻപാണ് ആൻ ഗ്രൂപ്പ് എറണാകുളം എന്ന സ്ഥാപനം കാര്‍ വാടകക്ക് കൊടുത്തത്. കാർ കാണാതായതോടെ ഉടമ ജി.പി. എസ് വഴി അന്വേഷിച്ചപ്പോഴാണ് പള്ളുരുത്തി കെ.എം.പി നഗറിൽ റോഡരുകില്‍ കിടക്കുന്നത് കണ്ടത്. അകത്ത് ചാക്കു കെട്ടുകൾ കണ്ട് സംശയം തോന്നിയതോടെ ഉടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് നാലു ചാക്കുകളിലായുള്ളത് കഞ്ചാവാണെന്ന് കണ്ടെത്തിയത്.
കാർ വാടകക്കെടുത്ത കടവന്ത്ര സ്വദേശിയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. കഴിഞ്ഞ 2 ദിവസമായി കാർ ഇവിടെ കിടക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.പൊലീസ് പരിശോധന ഭയന്ന് കഞ്ചാവ് സഹിതം കാര്‍ ഉപേക്ഷിച്ചതാണോ മറ്റാര്‍ക്കെങ്കിലും കൈമാറുന്നതിന് കൊണ്ടുവന്നതാണോയെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
