ഹരിയാന: പരീക്ഷാ കേന്ദ്രത്തിൽ വച്ച് കണ്ടുമുട്ടിയ ബന്ധു ലൈം​ഗികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. പരീക്ഷയെഴുതാൻ മഹേന്ദ്ര​ഗറിലെത്തിയതായിരുന്നു യുവതി. ഒന്നിച്ച് ഹോട്ടലിൽ താമസിക്കാൻ പ്രേരിപ്പിച്ച ബന്ധു രാത്രിയിൽ തന്നെ ലൈം​ഗികമായി ഉപദ്രവിച്ചു എന്നാണ് ഇരുപത്തിനാലുകാരിയായ യുവതി പൊലീസിന് നൽകിയ മൊഴി. രണ്ട് മാസങ്ങൾക്ക് മുമ്പ് സെപ്റ്റംബർ 22 നാണ് സംഭവം നടന്നത്. ശനിയാഴ്ച മഹേന്ദ്രർ പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. പരാതി രജിസ്റ്റർ ചെയ്തതിന് ശേഷം ​ഗുഡ്​ഗാവ് വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ​​ഗുഡ്​ഗാവ് പൊലീസ് പിആർഒ സുഭാഷ് ബോകൻ അറിയിച്ചു. യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ചുവെന്ന് മാത്രമല്ല, ഈ സംഭവം പുറത്തറിഞ്ഞാൽ ഉണ്ടാകാവുന്ന അനന്തര ഫലങ്ങളെക്കുറിച്ച് പറഞ്ഞ് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ദിവസങ്ങൾ മാനസികപ്രശ്നങ്ങൾക്ക് ശേഷമാണ് സംഭവത്തെക്കുറിച്ച് യുവതി കുടുംബാം​ഗങ്ങളോട് വെളിപ്പെടുത്തിയത്. കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.