മുംബൈ: മുംബൈയിലെ വാര്‍വാഡയില്‍ സര്‍ക്കാര്‍ ഹോസ്റ്റലില്‍ നിന്നും കൂട്ടുകാരികള്‍ക്കൊപ്പം ഓടിപ്പോയ പെണ്‍കുട്ടിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആദിവാസി വിഭാഗത്തില്‍പ്പെട്ട 17 വയസുകാരിയെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയേയും മൂന്ന് കൂട്ടുകാരികളെയും ഹോസ്റ്റലില്‍ നിന്നും കാണാതായിരുന്നു. 

പ്ലസ് ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും മൂന്ന് കൂട്ടുകാരികളും നാല് ദിവസങ്ങള്‍ക്ക് മുമ്പ് ഹോസ്റ്റലില്‍ നിന്ന് പുറത്ത് പോയതിന് ശേഷം തിരികെ വന്നില്ല. അധികൃതരുടെ പരാതിയില്‍ പൊലീസും രക്ഷിതാക്കളും നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച കുട്ടികളില്‍ ഒരാളുടെ ബന്ധു വീട്ടില്‍ നിന്നും ഇവരെ കണ്ടെത്തി. തുടര്‍ന്ന് ഹോസ്റ്റലിലേക്ക് കൂട്ടികൊണ്ടുപോകാന്‍ അധികൃതര്‍ തയ്യാറായെങ്കിലും കുറച്ച് ദിവസം വീട്ടില്‍ പോയി നിന്ന ശേഷം വരാമെന്ന് വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കി.

ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയും തന്‍റെ മാതാവിനും അമ്മാവനുമൊപ്പം വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി അമ്മയോടൊപ്പം കൃഷി സ്ഥലത്തേക്ക് പോയ കുട്ടി ഇടയ്ക്ക് വീട്ടിലേക്ക് തിരിച്ച് പോയി. പിന്നീട് മടങ്ങി വന്നില്ല. മാതാവ് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യക്കുറിപ്പുകളൊന്നും വീട്ടില്‍ നിന്നും കണ്ടുകിട്ടിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.