Asianet News MalayalamAsianet News Malayalam

പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ മൂന്നരക്കിലോ സ്വര്‍ണവും ആറ് ലക്ഷം രൂപയും പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

മീനാക്ഷിപുരത്ത് വൻ സ്വര്‍ണക്കടത്ത് പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്ന മൂന്നരക്കിലോ സ്വര്‍ണവും ആറു ലക്ഷം രൂപയും എക്സൈസാണ് പിടികൂടിയത്

Gold and Rs 6 lakh seized from Palakkad Meenakshipuram check post
Author
Kerala, First Published Aug 26, 2020, 5:58 PM IST

പാലക്കാട്: മീനാക്ഷിപുരത്ത് വൻ സ്വര്‍ണക്കടത്ത് പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്ന മൂന്നരക്കിലോ സ്വര്‍ണവും ആറു ലക്ഷം രൂപയും എക്സൈസാണ് പിടികൂടിയത്. ആലത്തൂര്‍ അഞ്ചുമൂര്‍ത്തിമംഗലം സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

ആലത്തൂര്‍ അഞ്ചുമൂര്‍ത്തിമംഗലം പയ്യകുണ്ട് വീട്ടിൽ കെ സതീഷ്, കെ കൃജേഷ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. പൊളളാച്ചിയിൽ നിന്നെത്തിയ ടാക്സി കാർ മീനാക്ഷിപുരം എക്സൈസ് ചെക്പോസ്റ്റിൽ പരിശോധിച്ചപ്പോഴാണ് കളളക്കടത്ത് പിടികൂടിയത്. ബാഗിനുളളില്‍ സൂക്ഷിച്ചിരുന്ന മൂന്നരക്കിലോ സ്വര്‍ണവും ആറുലക്ഷം രൂപയും കണ്ടെടുത്തു. തൃശൂര്‍ ഭാഗത്തേക്കാണ് സ്വര്‍ണം കടത്തിയതെന്നാണ് സൂചന.

സ്വര്‍ണ വ്യാപാരം നടത്തി തിരികെവരുകയാണെന്ന് പിടിയിലായവർ പറയുന്നു. എന്നാൽ ഇതിന് മുന്‍പും ഇവർ പലതവണ രേഖകളില്ലാതെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. പിടികൂടിയ 448 പവൻ സ്വര്‍ണത്തിന് ഒരുകോടി 80 ലക്ഷം രൂപ വിലവരും. 

സ്വര്‍ണവും പണവും കസ്റ്റംസിന് കൈമാറും. അടുത്തിടെ വാളയാർ അതിർത്തിയിൽ വൻ ഹവാല പണം പിടികൂടിയിരുന്നു. പാലക്കാട് അതിർത്തി കടന്ന് ലഹരികടത്തും സ്വര്‍ണകടത്തും  സജീവമാകുന്നതിനാൽ വരുംദിവസങ്ങളിൽ വ്യാപക പരിശോധന നടത്തുമെന്ന് എക്സൈസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios