ആലപ്പുഴ: ആലപ്പുഴയിലെ വള്ളികുന്നത്ത് വൻ മോഷണം. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അറുപത് പവൻ സ്വർണം കവർന്നു. ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. 

സദാനന്ദന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാർ നാലു കിലോമീറ്റർ അകലെ ചൂനാട് പോയിരിക്കുകയായിരുന്നു. രാവിലെ എട്ടുമണിയോടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ട് കിടപ്പുമുറികളിലെ അലമാരകളിലാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്.

കൃത്യമായ പരിശോധനകൾക്ക് ശേഷമേ കൂടുതൽ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പറയാൻ സാധിക്കുകയുള്ളുവെന്ന് വള്ളികുന്നം പൊലീസ് അറിയിച്ചു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.