Asianet News MalayalamAsianet News Malayalam

സ്വർണക്കടത്തിൽ കൂടുതൽ പേർ, ചിലർക്ക് ഭീകരബന്ധം, ഫാസിൽ ഫരീദ് ആര്? വല വിരിച്ച് കസ്റ്റംസ്

ഒരു തവണ സ്വർണം കടത്തുമ്പോൾ 24 ശതമാനമാണ് തനിക്ക് കമ്മീഷൻ ലഭിക്കുന്നതെന്നും, അതിന് ശേഷം ഈ സ്വർണം കൈമാറിയത് ഏത് ഇടത്തേക്കാണ് കൊണ്ടുപോകുന്നതെന്നോ എന്തിനാണ് ഉപയോഗിക്കുന്നതെന്നോ അറിയില്ലെന്നാണ് സരിത് നൽകിയ മൊഴി.

gold smuggling case more accused identified by customs
Author
Kochi, First Published Jul 11, 2020, 10:59 AM IST

കൊച്ചി/ തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന വൻ സ്വർണക്കടത്തിൽ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞ് കസ്റ്റംസ്. ആർക്കൊക്കെയാണ് സ്വർണം കൈമാറുന്നത് എന്നതടക്കമുള്ള വിവരങ്ങൾ സരിത്ത് കൈമാറിയത് കസ്റ്റംസിന് നിർണായക സൂചനയായി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അഞ്ച് പേരുടെ വ്യക്തമായ വിവരങ്ങൾ ലഭിച്ചതായി കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ പശ്ചാത്തലം വിശദമായി പരിശോധിച്ചതിൽ ഇതിൽ ചിലർക്ക് ഭീകരപ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഉടനടി പിടികൂടാനുള്ള നടപടിക്രമങ്ങൾ ഊർജിതമായി മുന്നോട്ടുപോവുകയാണെന്നാണ് സൂചന. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്നാം പ്രതി ഫാസിൽ ഫരീദിന്‍റെ കൂടുതൽ വിവരങ്ങളും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

ഒരു തവണ സ്വർണം കടത്തുമ്പോൾ 24 ശതമാനമാണ് തനിക്ക് കമ്മീഷൻ ലഭിക്കുന്നതെന്നാണ് സരിത് കസ്റ്റംസിന് നൽകിയിരിക്കുന്ന മൊഴി. ബാഗ് വഴി വരുന്ന സ്വർണം താൻ കൈമാറും. അതിന് ശേഷം ഈ സ്വർണം ഏത് ഇടത്തേക്കാണ് കൊണ്ടുപോകുന്നതെന്നോ എന്തിനാണ് ഉപയോഗിക്കുന്നതെന്നോ അറിയില്ലെന്നാണ് സരിത് പറയുന്നത്. ഇത് കസ്റ്റംസ് വിശ്വാസത്തിലെടുക്കുന്നതേയില്ല. 

ആരാണ് ഫാസിൽ ഫരീദ്?

യുഎഇയിലെ ഒരു സ്പൈസസ് അടക്കമുള്ളവ എത്തിക്കുന്ന ട്രേഡിംഗ് ഏജൻസി നടത്തുന്നയാളാണ് മൂന്നാം പ്രതിയായ കൊച്ചി സ്വദേശി ഫാസിൽ ഫരീദ് എന്നാണ് നിലവിൽ കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതായിരുന്നില്ല യഥാർത്ഥത്തിൽ ഫാസിൽ ഫരീദിന്‍റെ ജോലി. ട്രേഡിംഗ് ഏജൻസി മറയാക്കി ഇയാൾ കള്ളക്കടത്ത് നടത്തിയിരിക്കാം എന്നാണ് കസ്റ്റംസിന്‍റെ നിഗമനം. ട്രേഡിംഗ് ഏജൻസി വെറും കടലാസ് കമ്പനിയായിരുന്നിരിക്കണം. 

എന്നാൽ ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രതികളെ പരസ്പരം കൈമാറാൻ ഇത് വരെ ഇന്ത്യയും യുഎഇയും തമ്മിൽ കരാറുകളില്ല.  എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട് യുഎഇ സഹകരിക്കുന്നുവെന്നതാണ് ഇന്ത്യയുടെ അന്വേഷണ ഏജൻസികൾക്ക് പ്രതീക്ഷ നൽകുന്നത്. നയതന്ത്രചാനലിലൂടെ കൊണ്ടുവന്ന ബാഗേജിൽ സ്വർണം കണ്ടെത്തിയ സംഭവം ഇനി ആവർത്തിക്കാൻ പാടുള്ളതല്ല എന്ന കർശനമായ നിലപാട് യുഎഇ സ്വീകരിക്കുന്നുണ്ട്. 

എല്ലാ സഹകരണവുമായി യുഎഇ

സ്വർണം കണ്ടെത്തിയ ബാഗേജ് നയതന്ത്രബാഗല്ലെന്നും വ്യക്തിപരമായ ആവശ്യത്തിന് വന്ന ബാഗാണെന്നും യുഎഇ സ്ഥാനപതി അഹ്മദ് അൽ ബന്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഒരു ഡിപ്ലോമാറ്റിന് വന്ന ബാഗായതിനാൽ അതിന് സ്വാഭാവികമായും നയതന്ത്രപരിരക്ഷ ലഭിക്കുന്നു എന്നേയുള്ളൂ എന്നാണ് യുഎഇയുടെ നിലപാട്. 

അതിനാൽത്തന്നെ ഫാസിൽ ഫരീദിനെ യുഎഇ പിടികൂടി ഇന്ത്യയ്ക്ക് കൈമാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഫാസിലിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യേണ്ടത് ഈ കേസുമായി ബന്ധപ്പെട്ട് വളരെ നിർണായകമാണ്. നേരത്തേയും മറ്റ് ചില കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഫാസിൽ ഫരീദിന്‍റെ പേര് അന്വേഷണ ഏജൻസികൾക്ക് അറിയാമായിരുന്നു. എന്നാലിത്രയും വലിയ റാക്കറ്റുമായി ഇയാൾക്ക് ബന്ധമുണ്ട് എന്നതിന് കൃത്യമായ തെളിവ് ലഭിക്കുന്നത് ഇപ്പോഴാണ്. 

കസ്റ്റംസിന് ഈ കേസുമായി ബന്ധപ്പെട്ട രാജ്യാന്തരബന്ധം അന്വേഷിക്കുന്നതിന് പരിമിതികളുണ്ട്. വിദേശരാജ്യങ്ങളിൽ പോയി അന്വേഷണം നടത്താൻ കസ്റ്റംസിനാകില്ല. അതേസമയം, എൻഐഎയ്ക്ക് അത്തരം പരിമിതികളില്ല. അതിനാൽത്തന്നെയാണ് രണ്ടും രണ്ട് കേസുകളായി റജിസ്റ്റർ ചെയ്ത് എൻഐഎയും കസ്റ്റംസും സമാന്തര അന്വേഷണവുമായി പരസ്പരം സഹകരിച്ച് മുന്നോട്ടുപോകുന്നത്. കസ്റ്റംസ് ആക്ടുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് അന്വേഷണം തുടരുക. ഇതിലെ രാജ്യാന്തരബന്ധവും ഭീകരബന്ധവുമെല്ലാം എൻഐഎയുടെ അന്വേഷണപരിധിയിൽ വരും. 

അതേസമയം, സ്വപ്ന സുരേഷിന്‍റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കൊച്ചിയിലെ വാഴക്കാല ഭാഗത്തുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിച്ചതിനെത്തുടർന്ന് അവിടെ തെരച്ചിൽ നടന്നിരുന്നു. സ്വപ്ന സുരേഷും സന്ദീപും തമ്മിൽ സജീവമായി ആശയവിനിമയം നടക്കുന്നുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടർച്ചയായ ഏഴാം ദിവസവും സ്വപ്ന സുരേഷ് ഒളിവിൽത്തന്നെ തുടരുകയാണ്. സരിത്തല്ലാതെ മറ്റാരും നിലവിൽ എൻഐഎയുടെയും കസ്റ്റംസിന്‍റെയും കസ്റ്റഡിയിലില്ല താനും. 

Follow Us:
Download App:
  • android
  • ios