മലപ്പുറം: ക്ഷേത്രദര്‍ശനം കഴിഞ്ഞ് പോകുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തില്‍ പ്രതികളെ തിരഞ്ഞ് പൊലീസ്. ഇന്നലെ രാവിലെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടാന്‍ പടി സ്വദേശിനി വസന്തകുമാരിയുടെ മാലപൊട്ടിച്ചത്. ഇവര്‍ ബഹളം വെച്ചെങ്കിലും നാട്ടുകാരെത്തുന്നതിന് മുമ്പ് മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുടെ സിസിടിവി  ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു.

ദൃശ്യങ്ങളില്‍ കാണുന്ന ബൈക്കിലെത്തി മാലപൊട്ടിക്കുന്ന സംഘത്തെക്കുറിച്ച് ഏതെങ്കിലും രീതിയില്‍ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പൊന്നാനി പൊലീസ് വ്യക്തമാക്കി. പ്രതികളെക്കുറിച്ചുള്ള വിവരം നല്‍കുന്നവരെക്കുറിച്ച് പുറത്തു വിടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

തട്ടാന്‍പടി സംഭവത്തിന് പിന്നാലെ മറ്റ് രണ്ടിടങ്ങളിലും സമാനമായ സംഭവങ്ങള്‍ നടന്നു. മാണൂര്‍ സ്വദേശി ശോഭനയുടെ മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിക്കാന്‍ ശ്രമിച്ചത്. പൊട്ടിച്ചെടുത്ത മാല നിലത്തുവീണതോടെ മോഷ്ടാക്കള്‍ മാലയുപേക്ഷിച്ച് കടന്നു കളഞ്ഞു.