Asianet News MalayalamAsianet News Malayalam

'എല്ലാം ഒരാൾ തന്നെ, എഴുതിയത് 20 ഓളം പരീക്ഷകൾ'; കൂലിക്ക് പരീക്ഷ എഴുതാനെത്തിയ സർക്കാർ അധ്യാപകൻ പിടിയിൽ

സർക്കാർ സ്‌കൂളിലെ അധ്യാപകനായ റോഷൻ ലാൽ മീണ 16 സംസ്ഥാന സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളും നാല് കേന്ദ്ര ഗവൺമെന്‍റ് റിക്രൂട്ട്‌മെന്‍റ് പരീക്ഷകളുമടക്കം ഇരുപതോളം പരീക്ഷകളിൽ ഡമ്മി കാൻഡിഡേറ്റായി എത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

government school teacher appears as dummy candidate in rajasthan recruitment exams and arrested
Author
First Published Apr 4, 2024, 11:59 AM IST

ജയ്പൂർ: രാജസ്ഥാനിൽ നിരവധി സർക്കാർ റിക്രൂട്ട്മെന്‍റ് പരീക്ഷകളിൽ ഡമ്മി സ്ഥാനാർത്ഥിയായി പരീക്ഷ എഴുതിയ അധ്യാപകനെ പൊലീസ് പിടികൂടി. സർക്കാർ സ്‌കൂൾ അധ്യാപകനായ റോഷൻ ലാൽ മീണയാണ് പൊലീസിന്‍റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് രാജസ്ഥാൻ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്.  

ദൗസ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലെ അധ്യാപകനായ റോഷൻ ലാൽ മീണ 16 സംസ്ഥാന സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളും നാല് കേന്ദ്ര ഗവൺമെന്‍റ് റിക്രൂട്ട്‌മെന്‍റ് പരീക്ഷകളുമടക്കം ഇരുപതോളം പരീക്ഷകളിൽ ഡമ്മി കാൻഡിഡേറ്റായി എത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ (സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്) അനിൽ പാരിസ് ദേശ്മുഖ് പറഞ്ഞു. ആറ് പേർക്കായി അധ്യാപകൻ ഇതുവരെ ഡമ്മി പരീക്ഷാർത്ഥിയായി വിവിധ പരീക്ഷകൾ എഴുതിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

റോഷൻ ലാൽ പരീക്ഷ എഴുതിയതിനാൽ സർക്കാർ സർവ്വീസിൽ കയറിയ നിരവധി പേരുണ്ടെന്നാണ് പൊലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തിയ റിക്രൂട്ട്‌മെന്‍റ് പരീക്ഷകളിൽ ആറോളം വ്യക്തികൾക്ക് ഡമ്മി സ്ഥാനാർത്ഥിയായി ഹാജരായതായി റോഷൻ ലാൽ മീണ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിനോട് സമ്മതിച്ചിട്ടുണ്ട്. 2017 മുതൽ ഇംഗ്ലീഷ് മീഡിയം സർക്കാർ സ്കൂളിലെ അധ്യാപകനാണ് റോഷൻ. 

2018ൽ  തന്‍റെ സഹോദരൻ മനീഷ് മീണയ്ക്കായി ഡമ്മി പരീക്ഷാർത്ഥിയായി  റോഷൻ പരീക്ഷ എഴുതിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മനീഷ് മീണ ഇപ്പോൾ രാജസ്ഥാൻ പൊലീസിൽ ഐബി യൂണിറ്റിൽ ക്ലർക്ക് ആയി ജോലി നോക്കുകയാണ്. മനീഷിനായി റോഷൻ പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയും എഴുതിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. 

Read More :  'കൊല്ലാൻ നേരത്തെ ഉറപ്പിച്ചു, ആശുപത്രിയിൽ എത്തിയത് അറിഞ്ഞു'; എല്ലാത്തിനും കാരണം പ്രണയം നിരസിച്ച പകയെന്ന് ഷാഹുൽ

Follow Us:
Download App:
  • android
  • ios