മുംബൈ:  മരുമകളോടുള്ള  ദേഷ്യം തീര്‍ക്കാന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുള്ള പേരക്കുട്ടിയെ ആറാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി മുത്തശ്ശി.മുംബൈയിലെ മലാദിലാണ് സംഭവം. റുക്സാന ഉബൈദുള്ള അന്‍സാരിയെന്ന മുത്തശ്ശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അപ്പാര്‍ട്ടിമെന്‍റിലെ മറ്റ് താമസക്കാരാണ് പുലര്‍ച്ചെ രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം അപ്പാര്‍ട്ടിമെന്‍റിന് പരിസരത്തു നിന്നും കണ്ടെത്തിയത്. വീഴ്ചയില്‍ തലയിടിച്ചാണ് കുട്ടിയുടെ മരണം. 

ഇതേ കെട്ടിടത്തിലെ ആറാമത്തെ നിലയിലായിരുന്നു കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. ജനലിലൂടെ കുട്ടി അബദ്ധത്തില്‍ പുറത്തേയ്ക്ക് വീണതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ സ്പോര്‍ട്ടില്‍ നിന്നും ലഭിച്ച ചിലതെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണന്നും പ്രതി മുത്തശ്ശിയാണെന്നും തെളിഞ്ഞത്. 

കുട്ടിയുടെ മൃതദേഹം ലഭിച്ച ഭാഗത്തെ ഫ്ലാറ്റിന്‍റെ ജനല്‍ അടച്ചിട്ട നിലയില്‍ കണ്ടത്തിയതാണ് സംശയത്തിനിടയാക്കിയത്. വീടിന്‍റെ പ്രധാന വാതിലും തുറന്നിട്ടുണ്ടായിരുന്നില്ല. അടച്ചിട്ട ജനലിലൂടെ കുട്ടിയെങ്ങനെ പുറത്തേയ്ക്ക് വീണു എന്ന സംശയമാണ് കൊലപാതകത്തിന്‍റെ സൂചന നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മുത്തശ്ശിയാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലിനിടെ ഓരോ തവണയും കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞ അവരെ പ്രത്യേകം ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

മരിച്ച കുട്ടിയുടെ പിതാവിന്‍റെ രണ്ടാനമ്മയാണ് റുക്സാന. കുട്ടിയുടെ അമ്മയുമായി ഇവര്‍ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. മരുമകളോടെ  ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് പേരക്കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞതെന്നും എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് കുട്ടിയെ താഴേയ്ക്ക് എറിയുകയായിരുന്നുവെന്ന് ഇവര്‍ വെളിപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.